കൃഷ്ണമൃഗത്തെ വേട്ടയാടിയതിന്റെ പേരില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെയുണ്ടായിരുന്ന കേസ് വീണ്ടും തല പൊക്കുന്നു. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ കേസാണ് വീണ്ടും സല്‍മാനെ വേട്ടയാടുന്നത്.
കേസ് നടത്താന്‍ സല്‍മാന്‍ ചെലവഴിച്ച പണത്തെച്ചൊല്ലിയാണ് വീണ്ടും പ്രശ്നങ്ങള്‍ ഉണ്ടായിരിക്കുന്നത്. തൊഴില്‍ ചെയ്ത് നേടിയ പണമാണ് താന്‍ നിയമയുദ്ധങ്ങള്‍ക്ക് ഉപയോഗിച്ചത് എന്നായിരുന്നു സല്‍മാന്റെ വാദം. അതിനാല്‍ നികുതിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നും സല്‍മാന്‍ വാദിച്ചു. എന്നാല്‍ ആദായ നികുതി വകുപ്പ് ഈ വാദം തള്ളിക്കളയുകയായിരുന്നു.
2003-2004-ല്‍ 12.9 ലക്ഷം രൂപയും 2004-2005-ല്‍ 31.05 ലക്ഷം രൂപയുമാണ് സല്‍മാന്‍ കേസ് നടത്തിപ്പിനായി ചെലവഴിച്ചത്. വിദേശത്തെ ചില സ്‌റ്റേജ് ഷോകളുടെ പ്രതിഫലം അന്ന് തനിക്ക് മുന്‍കൂട്ടി ലഭിച്ചിരുന്നതായും സല്‍മാന്‍ അവകാശപ്പെട്ടിരുന്നു. തന്റെ വാദങ്ങള്‍ നിരാകരിക്കപ്പെട്ടതോടെ സല്‍മാന്‍ ആദായനികുതി കമ്മിഷണറെ നേരിട്ട് സമീപിക്കുകയായിരുന്നു.
കേസ് നടക്കുമ്പോള്‍ സല്‍മാന്‍ രാജസ്ഥാനില്‍ സിനിമാ ചിത്രീകരണത്തില്‍ ആയിരുന്നെന്നും ഇതിലൂടെ ലഭിച്ച പണമാണ് ഉപയോഗപ്പെടുത്തിയതെന്നും അദ്ദേഹത്തോട് വ്യക്തമാക്കി. സല്‍മാന്റെ നിരപരാധിത്വം തെളിയിക്കാനായിരുന്നു ഈ പോരാട്ടമെന്നും കമ്മിഷണറെ ബോധിപ്പിച്ചിട്ടുണ്ട്. കമ്മിഷണര്‍ ഈ വാദം അംഗീകരിക്കുകയും ചെയ്തു.
എന്നാല്‍ ഇതിനെ ചോദ്യം ചെയ്താണ് ആദായ നികുതി വിഭാഗം ഇപ്പോള്‍ ട്രിബ്യൂണലിനെ സമീപിച്ചിരിക്കുന്നത്. ക്രിമിനല്‍ കേസുകള്‍ വ്യക്തികള്‍ക്കെതിരെ ഫയല്‍ ചെയ്യുന്നതാണെന്നും അതിന് ചെലവഴിക്കുന്ന പണത്തിനും വ്യക്തിപരമായ സ്വഭാവമാണെന്നുമാണ് ഇവര്‍ വാദിക്കുന്നത്. വിദേശത്ത് നിന്ന് കൈപ്പറ്റുന്ന പ്രതിഫലം ഇന്ത്യയില്‍ എത്തുമ്പോള്‍ അത് ആദായ നികുതിക്ക് വിധേയമാണെന്നും ആദായ നികുതി വിഭാഗം വ്യക്തമാക്കി.