നന്ദിതാ ദാസും ദീപയുടെ ചിത്രം തഴഞ്ഞു!

WEBDUNIA|
PRO
അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, ഓം പുരി അങ്ങനെ ദീപ മേത്തയുടെ പുതിയ സിനിമയെ തഴഞ്ഞ അഭിനേതാക്കളുടെ നിര നീളുകയാണ്. സല്‍മാന്‍ റുഷ്ദിയുടെ ‘മിഡ്നൈറ്റ് ചില്‍‌ഡ്രന്‍’ ആസ്പദമാക്കിയുള്ള പുതിയ സിനിമയില്‍ നിന്ന് ദീപയുടെ പഴയ സുഹൃത്ത് നന്ദിതാ ദാസും പിന്‍‌മാറി!

ആറുമാസം മാത്രം പ്രായമുള്ള മകന്‍ വിവാനു വേണ്ടി കൂടുതല്‍ സമയം നീക്കിവയ്ക്കാനാണ് ചിത്രത്തില്‍ നിന്ന് പിന്‍‌മാറുന്നതെന്നാണ് നന്ദിതയുടെ വിശദീകരണം. എന്നാല്‍, നന്ദിതയും ദീപയും തമ്മിലുള്ള പഴയ സൌന്ദര്യപ്പിണക്കം തന്നെയാണ് ഇതിനു പിന്നിലെന്ന് ബോളിവുഡ് മാധ്യമങ്ങള്‍ പറയുന്നു.

നന്ദിതയ്ക്ക് നേരത്തെ ദീപയുടെ ‘വാട്ടര്‍’ എന്ന സിനിമയില്‍ ഓഫറുണ്ടായിരുന്നു. എന്നാല്‍, ആ സിനിമയില്‍ നിന്ന് പുറത്തായ വിവരം ഏറ്റവും അവസാനം അറിഞ്ഞത് നന്ദിതയായിരുന്നത്രേ! അങ്ങനെ ഇരുവരും തമ്മിലുള്ള ശീതസമരം ശക്തമായി. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരുവരും ന്യൂയോര്‍ക്കില്‍ വച്ച് കണ്ടുമുട്ടിയപ്പോഴാണത്രേ വീണ്ടും പഴയ സൌഹൃദം പുനസ്ഥാപിച്ചത്.

എന്തായാലും, ‘എല്ലാത്തിനും ഒരു സമയം ഉണ്ട്’ എന്നാണ് നന്ദിത ഇപ്പോള്‍ പറയുന്നത്. ഒരേസമയം അമ്മയാകാനും അഭിനയിക്കാനും ഇപ്പോള്‍ സാധ്യമല്ല എന്നാണ് നന്ദിത വാദിക്കുന്നത്. എല്ലാം ശരിതന്നെ, മിഡ്നൈറ്റ് ചില്‍ഡ്രനില്‍ ഒരു അതിഥി വേഷമാണ് നന്ദിതയ്ക്ക് ഓഫര്‍ ചെയ്തിരുന്നത്. അതിന് ഇത്രയധികം സമയം ചെലവാകുമോ എന്നാണ് മാധ്യമങ്ങളുടെ ചോദ്യം!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :