ന്യൂഡല്‍ഹി|
JOYS JOY|
Last Updated:
ബുധന്‍, 8 ഏപ്രില്‍ 2015 (15:34 IST)
കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷമായി ‘ജീസസ് ക്രൈസ്റ്റ് - സൂപ്പര്‍ സ്റ്റാര്‍’ എന്ന നാടകത്തിന് കോട്ടയം ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സുപ്രീംകോടതി നീക്കി. 1990ലാണ് ‘ജീസസ് ക്രൈസ്റ്റ് - സൂപ്പര്‍ സ്റ്റാര്‍’ എന്ന നാടകത്തിന് സംസ്ഥാന സര്‍ക്കാര്‍ കോട്ടയം ജില്ലയില്‍ പ്രദര്‍ശനാനുമതി വിലക്കിയത്. 1991ല്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ ഈ ഉത്തരവ് ശരി വെയ്ക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് നാടകത്തിന് പ്രദര്‍ശനാനുമതി തേടി സുപ്രീംകോടതിയെ സമീപിച്ചത്.
ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസ് എന്‍ വി രമണ എന്നിവരടങ്ങുന്ന ബെഞ്ചാണ് നാടകത്തിന് പ്രദര്‍ശനാനുമതി നല്കിയത്. മറ്റെല്ലാ ജില്ലകളിലും നാടകത്തിന് പ്രദര്‍ശനാനുമതി ഉണ്ടെന്നും നാടകം യു ട്യൂബില്‍ ലഭ്യമാണെന്നും ഫാ എബ്രഹാം വെള്ളംതടത്തില്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു.
കോട്ടയത്തു നിന്നുള്ള വൈദികനായ ഫാ എബ്രഹാം വെള്ളതടത്തില്‍ ആണ് 2002ല്‍ വിലക്കിനെ വെല്ലുവിളിച്ച് രംഗത്തെത്തിയത്. ഹൈക്കോടതി ഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് വൈദികന്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
ക്രൈസ്തവ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണ് നാടകമെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നാടകത്തിന് കോട്ടയം ജില്ലയില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചത്.