ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ചൊവ്വ, 27 ഓഗസ്റ്റ് 2013 (10:10 IST)
PTI
ഭക്‍ഷ്യ സുരക്ഷ ബില്‍ ലോക്‌സഭയില്‍ പാസാക്കി. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ലോക്‌സഭയില്‍ ബില്‍ പാസാക്കിയത്. ബില്‍ നിയമമാകുന്നതോടെ ഭക്ഷണം രാജ്യത്തെ ജനങ്ങളുടെ അവകാശമായി മാറും.
രാജ്യത്തെ 67 ശതമാനം പേര്‍ക്ക് ഭക്‍ഷ്യ ധാന്യം എത്തിക്കാനുള്ള വ്യവസ്ഥകളാണ് ലോക്സഭ പാസ്സാക്കിയ ഭക്‍ഷ്യസുരക്ഷാ ബില്ലിലുള്ളത്. മൂന്നു രൂപയ്ക്ക് അരിയും രണ്ടു രൂപയ്ക്ക് ഗോതമ്പും അര്‍ഹരായവര്‍ക്ക് നല്‍കാന്‍ ബില്ല് വ്യവസ്ഥ ചെയ്യുന്നു.
രണ്ടാം യുപിഎ സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയെന്നാണ് ബില്ലിനെ വിശേഷിപ്പിക്കുന്നത്. ചരിത്രപരം എന്ന് യുപിഎ അധ്യക്ഷ സോണിയ ഗാന്ധി വിശേഷിപ്പിച്ച ഭക്‍ഷ്യസുരക്ഷാ നിയമത്തിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്.
ബില്‍ പ്രകാരം ഗര്‍ഭിണികള്‍ക്ക് വര്‍ഷം ആറായിരം രൂപയ്ക്ക് നിയമപരമായി അവകാശമുണ്ടായിരിക്കും. അംഗനവാടികള്‍ വഴി ഇവര്‍ക്ക് പോഷകാഹാരം നല്‍കും. ആറിനും 18 നും ഇടയ്ക്ക് പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും ഉച്ചഭക്ഷണവും ബില്‍ ഉറപ്പു നല്‍കുന്നു.
ഗ്രാമങ്ങളിലെ 75 ശതമാനം പേര്‍ക്കും നഗരങ്ങളിലെ 50 ശതമാനം പേര്‍ക്കും ഭക്ഷ്യധാന്യം കുറഞ്ഞ നിരക്കില്‍ നല്‍കും. കുടുംബത്തിലെ ഓരോ മുതിര്‍ന്ന അംഗത്തിനും പ്രതിമാസം അഞ്ച് കിലോ ഭക്ഷ്യ ധാന്യം നല്കുന്നതിനുളള വ്യവസ്ഥയുണ്ട്.
മൂന്ന് രൂപയ്ക്ക് ഒരു കിലോ അരിയും രണ്ട് രൂപയ്ക്ക് ഗോതമ്പും ഒരു രൂപയ്ക്ക് പയറുവര്‍ഗ്ഗവും നല്‍കും. വരുമാനം തീരെ കുറഞ്ഞവര്‍ക്ക് അന്ത്യോദയ അന്നയോജന പദ്ധതി പ്രകാരം പ്രതിമാസം 35 കിലോ ഭക്‍ഷ്യധാന്യം നല്‍കുന്നത് തുടരുകയും ചെയ്യും.
മൂന്നു വയസ്സു വരെയുള്ള കുട്ടികള്‍ക്ക് പാകം ചെയ്ത പോഷകാഹാരം നല്‍കും. പതിനാലു വയസ്സുവരെയുള്ള കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയും ബില്ലിന്റെ കീഴില്‍ കൊണ്ടുവരും. വീട്ടിലെ മുതിര്‍ന്ന വനിതയുടെ പേരിലാകും റേഷന്‍ കാര്‍ഡ് നല്‍കുക.
പദ്ധതി നടപ്പാക്കാന്‍ 612.3 ലക്ഷം ടണ്‍ ഭക്ഷ്യധാനം വേണ്ടി വരും. ഭക്ഷ്യ സബ്സിഡി 1,24,724 കോടി രൂപയായി ഉയരും എന്നാണ് കേന്ദ്ര ആസൂത്രണകമ്മിഷന്റെ കണക്കുകൂട്ടല്‍.1.25ലക്ഷം കോടിയുടെ ഭക്ഷ്യസുരക്ഷാ ബില്‍ രണ്ടാം യുപിഎ സര്‍ക്കാരിന്റെ ഏറ്റവും നിര്‍ണ്ണായകമായ പദ്ധതിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.