ഹൈദരാബാദ് സ്ഫോടനം : സിസിടിവിയില്‍ കണ്ട 5 പേര്‍ സംശയത്തിന്റെ നിഴലില്‍

ഹൈദരാബാദ്| WEBDUNIA|
PTI
PTI
ഹൈദരാബാദ് ഇരട്ടസ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതമായി പുരോഗമിക്കുന്നു. സ്ഫോടനങ്ങള്‍ നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ കേസില്‍ വഴിത്തിരിവാകും എന്നാണ് ദേശീ‍യ അന്വേഷണ ഏജന്‍സി കരുതുന്നത്. ദൃശ്യങ്ങളില്‍ സംശയകരമായി തോന്നിയ അഞ്ചു പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

സ്ഫോടനം നടത്തിയതെന്ന് കരുതപ്പെടുന്ന ഒരാളെ സിസിടിവി ദൃശ്യങ്ങളിലൂടെ തിരിച്ചറിഞ്ഞു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മുപ്പതിനടുത്ത് പ്രായം തോന്നിക്കുന്ന ഇയാള്‍ സൈക്കിളില്‍ ഒരു ബാഗുമായി വരുന്നതാണ് ദൃശ്യങ്ങളില്‍ കാണാന്‍ സാധിച്ചത്. ദില്‍‌സുഖ് നഗറിലെ ട്രാഫിക് സിഗ്നലിന് സമീപത്തെ സിസിടിവി ക്യാമറയിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്. സ്ഫോടനം നടക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പാണ് ഇയാള്‍ വന്നത്. ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന ഭീകരസംഘടനയാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് കരുതപ്പെടുന്നത്.

വിവിധ ഭീകരസംഘടകള്‍ ചേരുന്ന യുണൈറ്റഡ്‌ ജിഹാദ്‌ കൗണ്‍സില്‍ കേന്ദ്രീകരിച്ചും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന്‌ പ്രതികാരം ചെയ്യണമെന്ന്‌ യുണൈറ്റഡ്‌ ജിഹാദ്‌ കൗണ്‍സില്‍ ഫെബ്രുവരി13 ന്‌ പാകിസ്ഥാനില്‍ യോഗം ചേര്‍ന്ന്‌ തീരുമാനിച്ചുവെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് ഇന്ത്യന്‍ മുജാഹിദ്ദീനെ ആക്രമണത്തിനായി ചുമതലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം.

അഞ്ച്‌ സംസ്‌ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം അഫ്സല്‍ ഗുരു തൂക്കിലേറ്റപ്പെട്ട ശേഷം മൂന്ന് തവണ ഹൈദരാബാദിന് ഭീകരാക്രമണ ഭീഷണി ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :