ഹിലാരി-അദ്വാനി കൂടിക്കാഴ്ചയില്‍ പാക് മുഖ്യവിഷയം

ന്യൂഡല്‍ഹി| WEBDUNIA| Last Modified തിങ്കള്‍, 20 ജൂലൈ 2009 (18:04 IST)
ഇന്തോ-പാക് ഉഭയകക്ഷി ചര്‍ച്ചയുമായി ഭീകരാക്രമണത്തെ ബന്ധിപ്പിക്കില്ല എന്ന നിലപാട് ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇക്കാര്യത്തിലുള്ള അഭിപ്രായൈക്യത്തിന് എതിരാണെന്ന് പ്രതിപക്ഷനേതാവ് എല്‍ കെ അദ്വാനി ഹിലാരി ക്ലിന്റണുമായുള്ള കൂടിക്കാഴ്ചയില്‍ പറഞ്ഞു.

ഉഭയകക്ഷി ചര്‍ച്ചയെ കുറിച്ച് നടത്തിയ സംയുക്ത പ്രസ്താവനയെ കുറിച്ചാണ് ഇരുവരും കൂടിക്കാഴ്ചയില്‍ പ്രധാനമായി ചര്‍ച്ച ചെയ്തത് എന്ന് ബിജെപി നേതാവ് സുഷമ സ്വരാജ് വെളിപ്പെടുത്തി.

മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ പാകിസ്ഥാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും വരെ ഉഭയകക്ഷി ചര്‍ച്ചയില്‍ മുന്നോട്ട് പോവാനാവില്ല എന്നത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ഒറ്റക്കെട്ടായ തീരുമാനമാണ്. സംയുക്ത പ്രസ്താവന ദേശീയ അഭിപ്രായ സമന്വയത്തിന് എതിരാണെന്നും അദ്വാനി ഹിലാരിയോടുള്ള സംഭാഷണത്തില്‍ പറഞ്ഞു.

ബലൂചിസ്ഥാനെ കുറിച്ചുള്ള പ്രസ്താവനയെയും അദ്വാനി വിമര്‍ശിച്ചു. ബലൂചിസ്ഥാനില്‍ ഇന്ത്യ ഭീകരപ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു എന്ന പാകിസ്ഥാന്‍ പ്രസ്താ‍വന രാജ്യത്തെ പ്രതിക്കൂട്ടിലാക്കുന്നു എന്നും അദ്വാനി ചൂണ്ടിക്കാട്ടി.

അമേരിക്കയുമായി ഊഷ്മളമായ ബന്ധത്തിന് ഞങ്ങളുടെ പിന്തുണ ഉണ്ടായിരിക്കും എന്നാല്‍, ദേശീയ അഭിപ്രായത്തിനെതിരായ ഒന്നിനും രാജ്യത്തിന്റെ പിന്തുണ ഉണ്ടാവില്ല എന്നും അദ്വാനി ഹിലാരിയോട് പറഞ്ഞതായി സുഷമ വെളിപ്പെടുത്തുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :