ഹിമാലയത്തില്‍ സിക്കിമിനെ ഇല്ലാതാക്കാന്‍ ശേഷിയുള്ള വന്‍ തടാകം
WEBDUNIA|
PTI
PTI
ഹിമാലയ പര്‍വ്വതനിരകള്‍ക്ക് മുകളില്‍ കാണപ്പെടുന്ന ഉറഞ്ഞ ഹിമതടാകത്തിന് കനത്ത നാശം വിതയ്ക്കാന്‍ ശേഷിയുണ്ടെന്ന് മുന്നറിയിപ്പ്. ഏത് നിമിഷവും പൊട്ടിച്ചിതറി, താഴ്വരയില്‍ വന്‍ നാശം വിതയ്ക്കാന്‍ ശേഷിയുള്ള തടാകമാണിത്. ഹൈദരാബാദ് നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്റര്‍(എന്‍ ആര്‍ എസ് സി)യിലെ ശാസ്ത്രജ്ഞര്‍ ഉപഗ്രഹങ്ങളുടെ സഹായത്തോടെ നടത്തിയ പഠനത്തിലൂടെയാണ് ഈ വിവരം പുറത്തുവന്നിരിക്കുന്നത്.
നേപ്പാല്‍-സിക്കിം അതിര്‍ത്തിയില്‍, ലോനക്ക് കൊടുമുടിയില്‍ നിന്ന് സിക്കിമിലേക്ക് നീണ്ട് കിടക്കുന്ന തെക്കന്‍ ലോനക്ക് ഹിമപാളിയിലാണ് ഈ തടാകം രൂപപ്പെട്ടിരിക്കുന്നത്. 7,000 മീറ്റര്‍ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 98.7 ഹെക്ടറില്‍ പരന്നുകിടക്കുന്ന തടാകം19.7 ലക്ഷം കോടി ലിറ്റര്‍ ജലം ഉള്‍ക്കൊള്ളുന്നതാണ്. ഏത് നിമിഷം വേണമെങ്കിലും ഇത് പൊട്ടിച്ചിതറാം. വെള്ളം കുതിച്ച് പാഞ്ഞ്, താഴ്വരയെ അപ്പാടെ തുടച്ചുനീക്കാന്‍ ശേഷിയുള്ള പ്രളയമായിരിക്കും ഇത് മൂലം ഉണ്ടാവുക. സിക്കിമിനാണ് ഏറ്റവും കൂടുതല്‍ ഭീഷണി നിലനില്‍ക്കുന്നത് എന്നും ഇതേക്കുറിച്ച് നടത്തിയ പ്രാഥമിക പഠനം പറയുന്നു. ഇത് പൊട്ടിച്ചിതറാന്‍ 42 ശതമാനം സാധ്യതയാണ് ഇപ്പോഴുള്ളത്. കൂടുതല്‍ പഠനങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.
അമേരിക്കയുടെ ലാന്‍ഡ്സാറ്റ്, കൊറോണ, ടെറാ എന്നീ ഉപഗ്രഹങ്ങളും ഇന്ത്യയുടെ സ്വന്തം റിസോഴ്സ്സാറ്റ്-1 എന്ന ഉപഗ്രഹവും ഉപയോഗിച്ചാണ് പഠനം നടത്തിയത്.