ഹസാരെയുടെ തന്ത്രം പാളുന്നു, സമരത്തിന് ആളില്ല

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
അഴിമതിക്കെതിരായി അണ്ണാ ഹസാരെയും കൂട്ടരും ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ നടത്തുന്ന സമരത്തിന് ജനപിന്തുണ കുറയുന്നു. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലാണു നിരാഹാരസമരം നടക്കുന്നത്. ആരോഗ്യകാരണങ്ങളാല്‍ ഹസാരെ ധര്‍ണയില്‍ മാത്രമാണ് പങ്കെടുക്കുന്നത്.

സമരത്തിന്റെ രണ്ടാം ദിവസമായ ഇന്ന് സംഘത്തിന് പിന്തുണയുമായി വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് എത്തിയത് എന്നാണ് റിപ്പോര്‍ട്ട്. 3000 പേരെങ്കിലും എത്തുമെന്ന് കരുതിയെങ്കിലും വെറും 500 ഓളം പേര്‍ മാത്രമാണ് എത്തിയത്.

രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ്, കേന്ദ്രമന്ത്രിമാര്‍ എന്നിവര്‍ക്കെതിരാ‍യ അഴിമതി ആരോപണങ്ങള്‍ സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കുക, സുശക്തമായ ലോക്പാല്‍ ബില്‍ പാസാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംഘം സമരം നടത്തുന്നത്.

ഡല്‍ഹിയിലെ രാം‌ലീല മൈതാനിയില്‍ 2011 ഓഗസ്റ്റില്‍ ഹസാരെ നടത്തിയ സമരം ഏറേ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സമരവേദിയിലേക്ക് അന്ന് ആയിരങ്ങളാണ് ഒഴുകിയത്. രാജ്യത്തെ പ്രമുഖനഗരങ്ങളിലെല്ലാം ഹസാരെയ്ക്ക് പിന്തുണയുമായി ആളുകള്‍ ഒത്തുചേര്‍ന്നു. അണ്ണാ സംഘത്തിന്റെ ആവശ്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വരെ വിളിച്ചുചേര്‍ക്കുകയുണ്ടായി. എന്നാല്‍ പിന്നീട് ഹസാരെ സംഘം മുംബൈയില്‍ നടത്തിയ സമരത്തിന് തണുത്ത പ്രതികരണമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :