ന്യൂഡല്‍ഹി|
WEBDUNIA|
Last Updated:
വെള്ളി, 4 മാര്‍ച്ച് 2011 (15:13 IST)
സുപ്രീം കോടതിയുടെ കയ്യില്‍ നിന്ന് കണക്കിന് കിട്ടിയപ്പോള്‍ കള്ളപ്പണ വിഷയത്തില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. രാജ്യത്തെ ഏറ്റവും വലിയ കള്ളപ്പണക്കാരന്‍ എന്ന് കരുതപ്പെടുന്ന പൂനെ സ്വദേശി ഹസന്‍ അലി ഖാന് എന്‍ഫോഴ്സ്മെന്റും ആദായനികുതി വകുപ്പും വെള്ളിയാഴ്ച വെവ്വേറെ നോട്ടീസ് അയച്ചു. ഇയാള്‍ ഉടന്‍ അറസ്‌റ്റിലായേക്കും എന്നാണ് സൂചന.
കള്ളപ്പണ നിക്ഷേപം സംബന്ധിച്ച വിഷയത്തില്‍ വ്യാഴാഴ്ച സുപ്രീം കോടതി വക പഴി കേട്ട് 24 മണിക്കൂര്‍ പോലും തികയുന്നതിന് മുമ്പെയാണ് ഹസന്‍ അലിക്ക് നോട്ടീസയച്ചിരിക്കുന്നത്. കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കായി ഇയാളെ നേരിട്ട് ഹാരരാക്കും എന്നാണ് എന്‍ഫോഴ്സ്മെന്റ് വൃത്തങ്ങള്‍ അറിയിച്ചത്.
കള്ളപ്പണ വിഷയത്തില്‍ സര്‍ക്കാര്‍ എത്ര കാലം കേസ് തുടരുമെന്നും ഈ വിഷയത്തില്‍ സര്‍ക്കാര്‍ എന്ത് നടപടിയെടുത്തുവെന്നും വ്യാഴാഴ്ച സുപ്രീം കോടതി ചോദിച്ചിരുന്നു. ഹസന്‍ അലി ഖാനെ കേന്ദ്രസര്‍ക്കാര്‍ അറസ്‌റ്റ് ചെയ്യാത്തതെന്താണെന്നും സുപ്രീം കോടതി ആരാഞ്ഞു.
അന്വേഷണത്തിനിടയില്‍ സ്ഥലം മാറ്റിയ അന്വേഷണ ഉദ്യോഗസ്ഥരെ ഉടന്‍ തിരിച്ചു നിയമിക്കണമെന്നും ആവശ്യപ്പെട്ടു. സര്‍ക്കാരിനെ ആരെങ്കിലും തടയുന്നുണ്ടോ എന്നും കോടതി സംശയം പ്രകടിപ്പിക്കുകയുണ്ടായി.
സര്‍ക്കാര്‍ ഇതേ നിലപാട് തുടരുകയാണെങ്കില്‍ കള്ളപ്പണക്കാരെക്കുറിച്ചുള്ള അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാനായി ഒരു പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കാന്‍ നിര്‍ബന്ധിതമാകുമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഢി, എസ് എസ് നിജ്ജര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് സര്‍ക്കാര്‍ സോളിസിറ്റര്‍ ജനറല്‍ ജി സുബ്രമണ്യത്തെ കോടതിയില്‍ വെള്ളം കുടിപ്പിച്ചത്. ഈ രാജ്യത്ത് എന്തൊക്കെയാണ് നടക്കുന്നതെന്നും കോടതി അദ്ദേഹത്തോട് ചോദിച്ചു.
ഫെബ്രുവരി 19ന് ഹസന്‍ അലി ആദായ നികുതി വകുപ്പിന് മുമ്പാകെ ഹാജരായിരുന്നു. ഇരട്ട പാസ്‌പോര്‍ട്ട് കൈയില്‍ വയ്ക്കല്‍, നികുതി വെട്ടിപ്പ് തുടങ്ങിയ കേസുകളും അലിയുടെ പേരിലുണ്ട്. യുപിഎ സര്‍ക്കാരിലെ ചില ഉന്നതരുമായി ഇയാള്‍ക്കു ബന്ധമുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു.
2007ല്‍ പൂനെയിലെ ഇയാളുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ വിദേശ അക്കൌണ്ടുകള്‍ സംബന്ധിച്ച പല വിലപ്പെട്ട രേഖകളും കണ്ടെടുത്തിരുന്നു.
50,000 കോടി രൂപയുടെ നികുതി ആവശ്യപ്പെട്ട് 2009ല്‍ ആദായ നികുതിവകുപ്പ് ഇയാള്‍ക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല.