ന്യൂഡല്‍ഹി|
WEBDUNIA|
Last Modified വ്യാഴം, 24 ഫെബ്രുവരി 2011 (17:39 IST)
PRO
ജനകീയ പ്രക്ഷോഭം അതിന്റെ പാരമ്യത്തിലെത്തി നില്‍ക്കുന്ന ലിബിയയില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ഊര്‍ജിതമാക്കി. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ സുരക്ഷിതരായി തിരിച്ചെത്തിക്കാന്‍ രണ്ടു യുദ്ധക്കപ്പലുകള്‍ കൂടി അയച്ചതായി വിദേശകാര്യമന്ത്രി എസ് എം കൃഷ്ണ അറിയിച്ചു.
ഒരു കപ്പല്‍ നേരത്തേ അയച്ചിരുന്നു. ഇത് ഈജിപ്റ്റില്‍ നിന്ന് ബെന്‍ഗാസിയിലേക്ക് നീങ്ങിക്കഴിഞ്ഞു. മെഡിക്കല്‍ സംഘവും ഒപ്പം പോയിട്ടുണ്ട്. മാര്‍ച്ച് ഒന്നിനു 1,200 പേരെ ഈ കപ്പലില്‍ ഈജിപ്തില്‍ എത്തിക്കാനാവുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ബെന്‍ഗാസി, ട്രിപോളി എന്നിവിടങ്ങളില്‍ നിന്നായിരിക്കും ആളുകളെ കപ്പലില്‍ കയറ്റുക. സുരക്ഷിത സ്ഥാനം തേടി പലരും വല്ലെറ്റയിലേക്കു പലായനം ചെയ്തിരിക്കുകയാണ്. ഇവരെ തുറമുഖത്തെത്തിക്കാനുള്ള നടപടികളും ആരംഭിച്ചു കഴിഞ്ഞു.
ഇന്ത്യയില്‍ നിന്ന് കടല്‍ മാര്‍ഗം ലിബിയയിലെത്താനുള്ള യാത്രാദൈര്‍ഘ്യം ആറു ദിവസമാണ്. 1,200 പേരെ ഉള്‍ക്കൊള്ളിക്കാനാവുന്ന ഒരു വിമാനവും ലിബിയയിലേക്ക് അയക്കുന്നുണ്ട്. വിദേശ കാര്യ സെക്രട്ടറി നിരുപമ റാവുവിനെ ഏകോപന ചുമതലകള്‍ ഏല്‍പ്പിച്ചുവെന്നും അദ്ദേഹം അറിയിച്ചു.
യെമനിലും ബഹ്‌റിനിലും സമാനമായ കലാപങ്ങള്‍ രൂക്ഷമാകുന്നതില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. 14,000 ഇന്ത്യക്കാരാണ് യമനിലുള്ളത്. ബഹ്‌റിനിലാകട്ടെ മൂന്നരലക്ഷം പേരാണുള്ളത്. എന്നാല്‍, ഇവര്‍ സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലിബിയ, ബഹ്‌റൈന്‍, യെമന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ഇന്ത്യക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും എസ് എം കൃഷ്ണ വ്യക്തമാക്കി.