ഗംഗാനദിയുടെ തീരത്തെ അനധികൃത ക്വാറിക്കെതിരേയുള്ള നിരാഹാരസമരത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ സ്വാമി നിഗമാനന്ദ മരണപ്പെട്ട കേസില്‍ സ്വാമിയെ ചികിത്സിച്ച ഡോക്ടര്‍ക്കും ക്വാറി ഉടമയ്ക്കുമെതിരേ സിബിഐ കേസെടുത്തു. രണ്ടു മാസം മുന്‍പാണു നിഗമാനന്ദ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. ഹരിദ്വാറിലെ ക്രഷര്‍ യൂനിറ്റ് ഉടമ ഗണേശ് കുമാര്‍, ഹരിദ്വാര്‍ ജില്ലാ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോക്‌ടര്‍ പികെ ഭട്നാഗര്‍ എന്നിവര്‍ക്കെതിരെയാണു കേസ്.
ക്വാറി ഉടമയ്ക്കുവേണ്ടി, നിഗമാനന്ദയെ ചികില്‍സിച്ച ഡോക്‌ടര്‍ പികെ ഭട്നഗര്‍ അദ്ദേഹത്തെ മരുന്നു കുത്തിവച്ച് അബോധാവസ്ഥയില്‍ ആക്കുകയായിരുന്നുവെന്നാണ് സിബിഐയുടെ പ്രാഥമിക നിഗമനം. ഇരുവര്‍ക്കുമെതിരേ കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.
ഫെബ്രുവരി 19 തൊട്ടായിരുന്നു സ്വാമി നിഗമാനന്ദ നിരാഹാരം തുടങ്ങിയത്. ഏപ്രില്‍ 27നു ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഡെറാഡൂണിലെ ഹിമാലയന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്കു മാറ്റിയെങ്കിലും അവിടെ വച്ചു മരിക്കുകയായിരുന്നു.
അഴിമതിക്കെതിരെ അനിശ്ചിതകാല നിരാഹാര സമരം നടത്തിയ സ്വാമി ബാബാ രാംദേവിനെ ചികിത്സിച്ച ആശുപത്രിയില്‍ തന്നെയാണ് നിഗമാനന്ദയെ വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. ബാബാ രാംദേവിന്റെ നിരാഹാരത്തിന് നല്‍കിയ പ്രാധാന്യം നിഗമാനന്ദയുടെ നിരാഹാരത്തിന് മാധ്യമങ്ങള്‍ നല്‍കിയില്ല എന്ന കാര്യം ശ്രദ്ധേയമാണ്. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ജൂണ്‍ 13-ന് ഇദ്ദേഹത്തിന്‍റെ മരണം സംഭവിച്ചു. ഇദ്ദേഹത്തിന്‍റെ മരണം വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കേസ് സിബിഐക്കു വിടാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ തീരുമാനിച്ചത്.