സ്റ്റാലിന്റെ വീട്ടിലെ റെയ്ഡ്: ഉത്തരവാദികളെ കണ്ടെത്തുമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി|
WEBDUNIA|
PTI
PTI
കരുണാനിധിയുടെ മകനും ഡി എം കെ ട്രഷററുമായ എം കെ സ്റ്റാലിന്‍റെ വീട്ടില്‍ സി ബി ഐ റെയ്ഡ് നടത്തിയതില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. റെയ്ഡില്‍ അദ്ദേഹം അസംതൃപ്തി രേഖപ്പെടുത്തി. റെയ്ഡിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുമെന്നും പ്രധാനമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.
റെയ്ഡ് നിര്‍ഭാഗ്യകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. റെയ്ഡ് നടത്തിയതില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും അതൃപ്തി രേഖപ്പെടുത്തി. സി ബി ഐയുടെ ഈ നടപടിയില്‍ സോണിയ കടുത്ത അമര്‍ഷം പ്രകടിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. സി ബി ഐ റെയ്ഡില്‍ കേന്ദ്രമന്ത്രി പി ചിദംബരവും അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
കേന്ദ്രസര്‍ക്കാരിന് പിന്തുണ പിന്‍വലിച്ചതിന് പിന്നാലെ സി ബി ഐ റെയ്ഡ് നടത്തിയതിന് പിന്നില്‍ രാഷ്ട്രീയ നീക്കങ്ങളാകാമെന്ന ആരോപണം ശക്തമാണ്. യു പി എ സര്‍ക്കാര്‍ സി ബി ഐയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്ന ആരോപണത്തെ ബലപ്പെടുത്തുന്നതായി ഈ നീക്കം.
എന്നാല്‍, സ്റ്റാലിന്‍റെ വീട്ടില്‍ നടന്ന സി ബി ഐ റെയ്ഡ് രാഷ്ട്രീയ പകപോക്കലാണെന്ന് കരുതുന്നില്ലെന്നാണ് കരുണാനിധി പ്രതികരിച്ചത്. മകള്‍ കനിമൊഴിയും എ രാജയുമൊക്കെ ഇനി കേന്ദ്രസര്‍ക്കാരിന്‍റെ പകപോക്കലിന് ഇരയാകേണ്ടിവരുമെന്ന് കരുണാനിധി ഭയക്കുന്നുണ്ടാകാമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
‘ഒരു കല്‍ ഒരു കണ്ണാടി’ എന്ന സിനിമയുടെ ചിത്രീകരണ ആവശ്യങ്ങള്‍ക്കായി മൂന്ന് ഹമ്മര്‍ കാറുകള്‍ സ്റ്റാലിന്‍റെ മകന്‍ ഉദയാനിധി വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട നികുതിവെട്ടിപ്പ് കേസിലാണ് സി ബി ഐ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. ഡല്‍ഹിയില്‍ നിന്നുള്ള ഏഴ് ഉദ്യോഗസ്ഥരാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്. എന്നാല്‍ ഒരു മണിക്കൂറോളം നീണ്ട റെയ്ഡ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഇടപെടല്‍ മൂലം സി ബി ഐക്ക് നിര്‍ത്തിവയ്ക്കേണ്ടിവന്നു.