സോണിയയ്ക്ക് സംഭവിച്ച പരാജയം രാഹുലിന് ഉണ്ടാകരുത്: ദ്വിഗ്‌വിജയ് സിംഗ്

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
“രണ്ട് അധികാര കേന്ദ്രങ്ങള്‍” എന്ന യുപിഎയുടെ പരീക്ഷണം പരാജയമായിരുന്നു എന്ന വിലയിരുത്തലുമായി കോണ്‍ഗ്രസ് നേതാവ് ദ്വിഗ്‌വിജയ് സിംഗ്. പ്രധാനമന്ത്രിയായി മറ്റൊരാളെ നാമനിര്‍ദ്ദേശം ചെയ്ത സോണിയയുടെ പരീക്ഷണം അബദ്ധമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. കോണ്‍ഗ്രസ് പ്രസിഡന്‍റ് പദവിയും പ്രധാനമന്ത്രിപദവും രണ്ടുപേര്‍ കൈകാര്യം ചെയ്യുന്ന പരീക്ഷണം രാഹുല്‍ ഗാന്ധി ആവര്‍ത്തിക്കരുതെന്നും ദ്വിഗ്‌വിജയ് മുന്നറിയിപ്പ് നല്‍കുന്നു.

രണ്ട് അധികാര കേന്ദ്രങ്ങള്‍ വേണ്ടതില്ല എന്നതാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. ആരാണോ പ്രധാനമന്ത്രിയാകുന്നത്, ആ വ്യക്തിയ്ക്ക് പ്രവര്‍ത്തിക്കാനുള്ള അധികാരവും ഉണ്ടായിരിക്കണമെന്ന് ദ്വിഗ്‌വിജയ് ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പ്രധാനമന്ത്രി സ്ഥാനത്തിരിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് രാഹുല്‍ ഗാന്ധി ഈയിടെ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പാര്‍ട്ടിയെ കെട്ടിപ്പടുക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായ രാഹുല്‍ പറഞ്ഞു എന്നും വാര്‍ത്തകള്‍ വന്നു. അതേസമയം ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞത് പ്രധാനമന്ത്രിപദത്തോട് താല്പര്യമില്ല എന്ന രീതിയില്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു എന്ന് ദ്വിഗ്‌വിജയ് അഭിപ്രായപ്പെട്ടു.

മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിര്‍ന്ന പാര്‍ട്ടി നേതാവുമായ ദിഗ്വിജയ് സിംഗ് രാഹുലിന്റെ മാര്‍ഗദര്‍ശിയായാണ് അറിയപ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :