സോണിയയും, മന്‍‌മോഹന്‍ സിംഗും ട്വിറ്ററില്‍‍!

ന്യൂഡല്‍ഹി| WEBDUNIA| Last Modified ഞായര്‍, 20 ഫെബ്രുവരി 2011 (16:31 IST)
PRO
“ജെ പി സി അന്വേഷണത്തിന്റെ പരിധിയില്‍ ഐ എസ് ആര്‍ ഒ, ആദര്‍ശ് അഴിമതികള്‍ ഉള്‍പ്പെടില്ല. കോണ്‍ഗ്രസിന് ഒന്നും ഒളിക്കാനില്ല, കാരണം ഒളിപ്പിച്ചതൊന്നും ഒരിക്കലും കണ്ടെത്താനാവില്ല“. സോണിയ ഗാന്ധിയുടെ പേരില്‍ വന്ന ഒരു ട്വീറ്റ് ആണിത്. സോണിയ ഗാന്ധി അങ്ങനെ പറഞ്ഞോ? ഞെട്ടാന്‍ വരട്ടെ, ഇത് സോണിയയുടെ പേരിലുണ്ടാക്കിയ വ്യാജ അക്കൌണ്ടില്‍ നിന്നുള്ള ട്വീറ്റുകളില്‍ ഒരെണ്ണമാണ്.

നമ്മുടെ രാഷ്‌ട്രീയ പ്രവര്‍ത്തകരുടെയും സിനിമാതാരങ്ങളുടെയുമൊക്കെ പേരില്‍ ഇങ്ങനെ നിരവധി വ്യാജ അക്കൌണ്ടുകളാണ് സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളായ ഫേസ് ബുക്കിലും, ട്വിറ്ററിലും ഉളളത്. പ്രധാനമന്ത്രിക്കും കോണ്‍ഗ്രസ് പ്രസിഡന്റിനുമൊക്കെ ഫേസ്ബുക്കും ട്വിറ്ററും സ്ഥിരം തലവേദന സൃഷ്‌ടിക്കുകയാണ്. 2ജി സ്പെക്‍ട്രം, എസ്-ബാന്‍ഡ്, ആദര്‍ശ്, കോമണ്‍‌വെല്‍ത്ത് ഗെയിംസ് തുടങ്ങിയ വിവാദ വിഷയങ്ങളെക്കുറിച്ചു ഇവര്‍ നടത്തുന്ന അഭിപ്രായപ്രകടനങ്ങളായാണ് ട്വീറ്റുകള്‍ പ്രവഹിക്കുന്നത്.

“മിക്ക രാജ്യങ്ങളും നികുതിപ്പണം വാങ്ങി ജനങ്ങളെ പാപ്പരാക്കുകയാണ്, എന്നാല്‍ സുരേഷ് കല്‍മാഡിയെപ്പോളുള്ള ആള്‍ക്കാരെ സമ്പന്നരാക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. ഇതാണ് ഞങ്ങളെ വ്യത്യസ്തരാക്കുന്നത്.“സോണിയയുടെ പേരില്‍ വന്ന മറ്റൊരു ട്വീറ്റാണിത്.

രാഹുല്‍ ഗാന്ധിയെയും വ്യാജന്മാര്‍ വെറുതെ വിടുന്നില്ല. എന്തിന് മഹാത്മ ഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടെയും പേരില്‍ വരെ അക്കൌണ്ടുകളുണ്ട്. നിരവധി പ്രമുഖ വ്യക്തികള്‍ ഇത്തരം സൈറ്റുകളില്‍ സജീവമായതിനാല്‍ വ്യാജനെ തിരിച്ചറിയുക എളുപ്പമല്ലതാനും. സൂര്യനു താഴെയുള്ള എന്തു സേവനവും ലഭ്യമാക്കുന്നവരാണ് ഇത്തരം സൈറ്റുകള്‍. പക്ഷേ വ്യാജന്മാരെ തിരിച്ചറിയാന്‍ മാത്രം യാതൊരു നിര്‍വാഹവും ഇല്ല!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :