സൂര്യനെല്ലി കേസ് വെറും സംസ്ഥാന വിഷയം മാത്രമാണെന്ന് കേന്ദ്രമന്ത്രി. പാര്‍ലമെന്‍ററികാര്യ മന്ത്രി കമല്‍നാഥാണ് ഇങ്ങനെ അഭിപ്രായപ്രകടനം നടത്തിയത്. സൂര്യനെല്ലിക്കേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യനെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും കമല്‍നാഥ് പറഞ്ഞു.
സൂര്യനെല്ലിക്കേസ് സംസ്ഥാന വിഷയം മാത്രമാണ്. അതാകട്ടെ സുപ്രീംകോടതി തീര്‍പ്പുകല്‍പ്പിച്ച കേസുമാണ്. അതുകൊണ്ട് സൂര്യനെല്ലിക്കേസ് പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യുന്നത് ഉചിതമല്ല - കമല്‍നാഥ് പറഞ്ഞു.
വ്യാഴാഴ്ച മുതല്‍ ബജറ്റ് സമ്മേളനം ആരംഭിക്കുകയാണ്. കുര്യനെതിരെ ബി ജെ പിയും ഇടതുപാര്‍ട്ടികളും പാര്‍ലമെന്‍റില്‍ പ്രതിഷേധമുയര്‍ത്തുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ അത് കാര്യമാക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. കേസില്‍ കുര്യനെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് കോര്‍കമ്മിറ്റി യോഗം തീരുമാനിച്ചിട്ടുണ്ട്.
സ്ത്രീ സുരക്ഷാ ബില്‍ രാജ്യസഭയില്‍ ചര്‍ച്ചയ്ക്കെടുക്കുമ്പോള്‍ പി ജെ കുര്യന്‍ സഭ നിയന്ത്രിക്കാതെ നോക്കിയാല്‍ മതിയെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. പ്രതിപക്ഷ കക്ഷികള്‍ കുര്യനെതിരെ സഭയില്‍ സ്വീകരിക്കുന്ന നിലപാട് എത്രമാത്രം ശക്തമാണ് എന്നതിനെ ആശ്രയിച്ചുമാത്രമായിരിക്കും കോണ്‍ഗ്രസിന്‍റെ ഇനിയുള്ള പ്രതികരണങ്ങള്‍.