ന്യൂഡല്‍ഹി|
Joys Joy|
Last Modified ശനി, 17 ജനുവരി 2015 (11:06 IST)
സുനന്ദ പുഷ്‌കര്‍ മരണത്തിനു കീഴടങ്ങിയിട്ട് ജനുവരി 17ന് ഒരു വയസ്സ്. കഴിഞ്ഞവര്‍ഷം ഇതേ ദിവസമാണ് ഡല്‍ഹിയിലെ ഹോട്ടല്‍ ലീല പാലസിലെ 345 ആം മുറിയില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം സ്വാഭാവിക മരണമാണെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും ദുരൂഹതകളുടെ നൂറു വാര്‍ത്തകളും ഒപ്പം എത്തിയിരുന്നു. ആത്മഹത്യ, കൊലപാതകം എന്നിങ്ങനെ സംശയത്തിന്റെ പ്ലേറ്റുകള്‍ മാറിമാറി വന്നുകൊണ്ടേയിരുന്നു.
സുനന്ദ മരിച്ചിട്ട് ഒരുവര്‍ഷം തികയാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഡല്‍ഹി പൊലീസ് നടത്തിയ ചില വെളിപ്പെടുത്തലുകളെ പിന്തുടര്‍ന്നാണ് ഇപ്പോഴത്തെ അന്വേഷണം. സുനന്ദയുടേത് സ്വാഭാവികമരണമല്ലെന്ന് ആയിരുന്നു വെളിപ്പെടുത്തല്‍ . മരണം സംഭവിച്ച് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ എയിംസ് ആശുപത്രിയിലെ ഡോക്‌ടര്‍ സുധീര്‍ ഗുപ്ത ഇക്കാര്യം പറഞ്ഞിരുന്നു. സുനന്ദയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തിരുത്തല്‍ നടത്താന്‍ ഉന്നത ഇടപെടല്‍ നടന്നുവെന്നും സുധീര്‍ ഗുപ്ത വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ , സുനന്ദ മരിച്ചപ്പോള്‍ ,അവരുടെ മരണം സ്വാഭാവികമരണമെന്നായിരുന്നു ശശി തരൂര്‍ പറഞ്ഞത്.
ഡോ സുധീര്‍ ഗുപ്തയുടെ വെളിപ്പെടുത്തല്‍ വന്നതോടെ ശശി തരൂര്‍ വീണ്ടും സംശയത്തിന്റെ നിഴലിലായി.
സുനന്ദയുടെ മരണം നടന്നുകഴിഞ്ഞുള്ള ആദ്യദിവസങ്ങളില്‍ വന്ന റിപ്പോര്‍ട്ടില്‍ അല്‍പ്രാക്സ് എന്ന മരുന്ന് അമിതമായി കഴിച്ചതാണ് മരണകാരണമെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിനിടെ, വിഷം ഉള്ളില്‍ ചെന്നാണ് സുനന്ദ മരിച്ചതെന്ന് സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലാബോറട്ടറി വ്യക്തമാക്കിയിരുന്നു. ഒപ്പം, സുനന്ദയുടെ ശരീരത്തില്‍ അല്‍പ്രാക്സിന്റെ അംശം കാണുന്നതായും അവര്‍ വെളിപ്പെടുത്തിരുന്നു. പിന്നീട്, എയിംസ് മെഡിക്കല്‍ സംഘവും സുനന്ദയുടെ മരണകാരണം വിഷം ഉള്ളില്‍ ചെന്നതാണെന്ന് വ്യക്തമാക്കി. സുനന്ദയുടെ മരണം കൊലപാതകമാണെന്ന് റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചു.
എന്നാല്‍ , സുനന്ദയുടെ മരണം കൊലപാതകമാണെന്ന് ജനുവരി ആറിനായിരുന്നു ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബി എസ് ബസ്സി പറഞ്ഞത്.
തുടര്‍ന്ന് കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. പിന്നീട്, സുനന്ദയുടെയും തരൂരിന്റെയും സഹായികളെ പൊലീസ് ചോദ്യം ചെയ്തു. തരൂരിന്റെ സഹായി ആയിരുന്ന നാരായണ്‍ സിംഗിന്റെ ഹിമാചല്‍ പ്രദേശിലെ വീട് ഡല്‍ഹി പൊലീസ് പരിശോധിച്ചിരുന്നു. വരും ദിവസങ്ങളില്‍ ശശി തരൂരിനെയും പൊലീസ് ചോദ്യം ചെയ്യുമെന്നാണ് കരുതുന്നത്.
മരണം നടന്ന ദിവസത്തിനു മുമ്പുള്ള പല ദിവസങ്ങളിലായി പല സമയങ്ങളിലായി തരൂരും സുനന്ദയും തമ്മില്‍ വഴക്കിട്ടിരുന്നതായി മൊഴിയെടുക്കുന്നതിനിടയില്‍ സഹായികള്‍ പൊലീസിനോട് പറഞ്ഞു. ഐ പി എല്‍ ഒത്തുകളികളുമായി ബന്ധപ്പെട്ട് സുനന്ദയ്ക്ക് നിരവധി കാര്യങ്ങള്‍ അറിയാമായിരുന്നു എന്നാണ് കരുതുന്നത്.
തനിക്കറിയാവുന്ന രഹസ്യങ്ങള്‍ പറഞ്ഞാല്‍ തരൂര്‍ ഇല്ലാതാകുമെന്ന് മരണം സംഭവിക്കുന്നതിനു തൊട്ടു മുമ്പുള്ള ദിവസം സുനന്ദ തരൂരിനെ വിളിച്ച് ഭീഷണിപ്പെടുത്തിയതായി സഹായികള്‍ മൊഴി നല്കിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സുനന്ദയെ വിഷം കുത്തിവെച്ചോ കുടിപ്പിച്ചോ കൊന്നതാകാമെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണത്തില്‍ ഇപ്പോഴുള്ള വേഗത ഇനിയുമുണ്ടായാല്‍ യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടത്താന്‍ പെട്ടെന്ന് കഴിഞ്ഞേക്കും. എന്നാല്‍ അന്വേഷണം എവിടെ വരെ നീളുമെന്നാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്.
ഇതിനിടെ, എത്ര വൈകിയാലും സത്യം പുറത്തുവരുമെന്ന് പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാര്‍ ട്വീറ്റ് ചെയ്തു. സുനന്ദയുടെ ചരമവാര്‍ഷിക ദിനത്തിലായിരുന്നു മെഹറിന്റെ ട്വീറ്റ്. എത്ര കടുപ്പമേറിയതായാലും സത്യം പുറത്തുവരുമെന്നായിരുന്നു മെഹറിന്റെ ട്വീറ്റ്. മെഹര്‍ തരാറുമായുള്ള ശശി തരൂരിന്റെ ബന്ധമായിരുന്നു സുനന്ദയും തരൂരും തമ്മില്‍ അകലാന്‍ കാരണമായത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.