കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ ലീല ഹോട്ടലിലാണ് സുനന്ദ പുഷ്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സുനന്ദ പുഷ്കര്‍ ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ചയാണ് സുനന്ദ ഹോട്ടലില്‍ മുറിയെടുത്തത്. ലീലാ ഹോട്ടലിലെ മുന്നൂറ്റി നാല്‍പ്പത്തിയഞ്ചാം നമ്പര്‍ മുറിയിലാണ്് സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശശി തരൂരും അവിടെയുണ്ടായിരുന്നു എന്നാണ് വിവരം.
“എന്റെ ഭാര്യയ്ക്ക് സുഖമില്ല. ഞാന്‍ അവരുടെ ഒപ്പം ഉണ്ടാകണം” - എന്ന് ശശി തരൂര്‍ മണിക്കൂറുകള്‍ക്ക് മുമ്പ് ട്വീറ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ഏഴാം തീയതിവരെ സുനന്ദ പുഷ്കര്‍ കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഏഴാം തീയതി സുനന്ദയെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. അതിന് ശേഷം രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് സുനന്ദയും ശശി തരൂരും ഡല്‍ഹിയിലേക്ക് വന്നത്.
വെള്ളിയാഴ്ച രാവിലെ ശശി തരൂര്‍ എ ഐ സി സി സമ്മേളനത്തിനായി പുറപ്പെടുമ്പോഴും സുനന്ദ പുഷ്കര്‍ ഉറക്കത്തിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അസുഖ ബാധിതയായതിന് ശേഷം രാവിലെ എഴുന്നേല്ക്കാന് വൈകുന്നത് പതിവായതിനാല്‍ സുനന്ദയെ വിളിച്ചുണര്‍ത്താന്‍ തരൂര്‍ ശ്രമിച്ചില്ല എന്നാണ് വിവരം. എ ഐ സി സി സമ്മേളനം കഴിഞ്ഞ വൈക്കുന്നേരം അഞ്ചുമണിയോടെയാണ് ശശി തരൂര്‍ ഹോട്ടല്‍ റൂമില്‍ മടങ്ങിയെത്തിയത്.
മടങ്ങിയത്തിയതിന് ശേഷം സ്യൂട്ട് റൂമിലെ സ്വീകരണമുറിയില്‍ ചില ഉദ്യോഗസ്ഥരുമായി സംസാരിച്ചിരിക്കുകയായിരുന്നു തരൂര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. സുനന്ദ ഉറങ്ങുകയാകുമെന്നാണ് തരൂര്‍ കരുതിയതെന്നാണ് വിവരം. എന്നാല്‍ രാത്രി ഒമ്പതുമണിക്ക് ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടതുള്ളതിനാല്‍ അക്കാര്യം പറയാനായി സുനന്ദയെ വിളിക്കുമ്പോഴാണ് അവര്‍ മരിച്ചുകിടക്കുകയാണെന്ന യാഥാര്‍ത്ഥ്യം ശശി തരൂര്‍ മനസിലാക്കിയതെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു.
എന്നാല്‍ അഭിനവ് ശര്‍മ എന്ന ഐ പി എസ് ഉദ്യോഗസ്ഥന് പറയുന്നതനുസരിച്ച് വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് ശശി തരൂര്‍ സുനന്ദ പുഷ്കറിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സാധാരണ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്നും എന്തെങ്കിലും അസ്വാഭാവികതയുള്ളതായി തോന്നിയില്ലെന്നും അഭിനവ് ശര്‍മ പറയുന്നു.
സുനന്ദയുടെ മരണവിവരത്തില്‍ പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാര്‍ ട്വിറ്ററിലൂടെ ഞെട്ടല്‍ രേഖപ്പെടുത്തി. വിവാദങ്ങളില്‍ നിന്ന് എല്ലാവരും ഒഴിഞ്ഞുനില്‍ക്കണമെന്നും മെഹര്‍ തരാര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു.
ശശി തരൂരും ഭാര്യ സുനന്ദ പുഷ്കറും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ ഉള്ളതായി കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇരുവരുടെയും ട്വിറ്റര്‍ സന്ദേശങ്ങളാണ് ഈ സൂചന നല്‍കിയത്. മെഹര്‍ തരാറുമായി തരൂരിനുള്ള അടുത്ത ബന്ധം സുനന്ദയുടെ ട്വീറ്റിലൂടെ ലോകമറിഞ്ഞു.
പാക് മാധ്യമ പ്രവര്‍ത്തകയും കോളമിസ്റ്റുമായ മെഹര്‍ തരാറുമായി ശശി തരൂരിന് ബന്ധമുണ്ടെന്നും മെഹര്‍ പാകിസ്ഥാന് ചാരസംഘടനയുടെ ഏജന്റാണെന്നും സുനന്ദ പുഷ്കര്‍ ആരോപിച്ചിരുന്നു. ഒരു സ്ത്രീയെന്ന നിലയിലും ഭാര്യയെന്ന നിലയിലും താന്‍ തകര്‍ന്നതായി സുനന്ദ ഒരു ദേശീയ ദിനപത്രത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ട്വിറ്റര്‍ പ്രതികരണങ്ങള്‍ വിവാദമായതോടെ നിലപാട് തിരുത്തി സുനന്ദ പുഷ്കര്‍ രംഗത്ത് വന്നിരുന്നു. ശശി തരൂരമായുള്ളത് സന്തുഷ്ട ജീവിതമാണെന്ന് അവര്‍ ട്വിറ്ററില്‍ കുറിക്കുകയും ചെയ്തിരുന്നു.