സിബിഐ നിഷ്കളങ്കരെ പീഡിപ്പിക്കരുത്: സിംഗ്

ന്യൂഡല്‍ഹി| WEBDUNIA|
PTI
സ്വതന്ത്രമായും നിര്‍ഭയമായും പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ്. എത്ര ഉന്നതരായാലും പദവി കണക്കിലെടുക്കാതെ കുറ്റക്കാരെ അറസ്റ്റ് ചെയ്യണണം. അതേസമയം, അന്വേഷണത്തിന്റെ പേരില്‍ നിഷ്കളങ്കരായ ആളുകളെ പീഡിപ്പിക്കരുത് എന്നും സിംഗ് പറഞ്ഞു.

ഉന്നതര്‍ ഉള്‍പ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നത് സിബിഐയ്ക്ക് മുന്നിലുള്ള ഒരു പരീക്ഷണമാണെന്നും സിംഗ് അഭിപ്രായപ്പെട്ടു. ന്യൂഡല്‍ഹിയില്‍ സിബിഐയുടെ പുതിയ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വേണം നടപടികള്‍ സ്വീകരിക്കേണ്ടത്. നമ്മുടേത് സ്വതന്ത്രമായ ഒരു പൊതുസമൂഹമാണ്. ഓരോ കാര്യത്തിലും വ്യത്യസ്തമായ അഭിപ്രായങ്ങളും വീക്ഷണങ്ങളും ഉണ്ടായിരിക്കും. ഇവ പരിഗണിക്കാമെങ്കിലും തെറ്റായ സ്വാധീനത്തിന് വഴങ്ങരുത്.

മാധ്യമ ശ്രദ്ധയില്‍ നിന്ന് മാറി നിന്ന് വേണം അന്വേഷണം നടത്തേണ്ടത്. വ്യക്തികളില്‍ നിന്നും കോടതികള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും നിരവധി കേസുകള്‍ സിബിഐയെ തേടി എത്തുന്നുണ്ട്. ഇപ്പോള്‍ കൂടുതലും അഴിമതി കേസുകളാണ് സിബിഐയുടെ പരിഗണനയ്ക്ക് എത്തുന്നത്. അതിനാല്‍ ഉയര്‍ന്ന മാനദണ്ഡങ്ങള്‍ പാലിച്ചു വേണം അന്വേഷണം നടത്തേണ്ടത് എന്നും സിംഗ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :