സിബിഐ ഒമറിനെ സഹായിക്കുന്നു: പിഡിപി

ശ്രീനഗര്‍| WEBDUNIA| Last Modified ബുധന്‍, 29 ജൂലൈ 2009 (12:48 IST)
ലൈംഗികാപവാദ കേസില്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ സഹായിക്കുന്നു എന്ന് പിഡിപി. സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട പിഡിപി തുടര്‍ച്ചയായ രണ്ടാം ദിവസവും സഭയില്‍ ബഹളം സൃഷ്ടിച്ചു.

2006 ല്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ 102 ആം പ്രതിയാണ് ഒമര്‍ എന്ന് കഴിഞ്ഞ ദിവസം പിഡിപി ആരോപിച്ചിരുന്നു. എന്നാല്‍, ഒമറിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് സിബിഐ നല്‍കിയ കത്ത് സ്പീക്കര്‍ അക്ബര്‍ ലോണ്‍ മേശപ്പുറത്ത് വച്ചതോടെയാണ് പിഡിപി അംഗങ്ങള്‍ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബഹളം തുടങ്ങിയത്.

ഒമറും പിതാവ് ഫറൂഖ് അബ്ദുള്ളയും പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നില്ല എന്നാണ് സിബിഐയുടെ വിശദീകരണം.

ഒമര്‍ പ്രതിപ്പട്ടികയില്‍ ഇല്ല എന്ന് പറയുന്ന സിബിഐയുടെ കത്ത് മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ എം‌എല്‍‌എമാര്‍ കീറിക്കളഞ്ഞതോടെ അന്തരീക്ഷം പ്രക്ഷുബ്ദമായി. സിബിഐ ഒമറിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ച് പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

ജമ്മു കശ്മീര്‍ മുന്‍ ഉപമുഖ്യമന്ത്രി മുസാഫര്‍ ഹുസൈന്‍ ബെയ്ഗ് ആണ് കഴിഞ്ഞ ദിവസം ഒമറിനെതിരെ ആരോപണം ഉന്നയിച്ചത്. ഇതെതുടര്‍ന്ന് ഒമര്‍ രാജിപ്രഖ്യാപനം നടത്തിയെങ്കിലും മുഖ്യമന്ത്രിയായി തുടരാന്‍ ഗവര്‍ണര്‍ എന്‍ എന്‍ വോറ ആവശ്യപ്പെടുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :