ഒമര്‍ അബ്ദുള്ള സ്ഥാനമേറ്റു

ജമ്മു| WEBDUNIA|
ജമ്മു കശ്മീരിന്‍റെ പുതിയ മുഖ്യമന്ത്രിയായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള സ്ഥാനമേറ്റു. കാശ്മീരിലെ പതിനൊന്നാമത്തെ മുഖ്യമന്ത്രിയായ ഒമര്‍ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രികൂടിയാണ്.

പത്ത് മന്ത്രിമാരും ഒമറിനോടൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നാഷണല്‍ കോണ്‍ഫറന്‍സില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും അഞ്ച് വീതം മന്ത്രിമാരാണ് ഇന്ന് സത്യ പ്രതിജ്ഞ ചെയ്തത്. ഉപമുഖ്യമന്ത്രിയായി കോണ്‍ഗ്രസിലെ താരാചന്ദ് നിയമിക്കപ്പെട്ടു. ജമ്മു സര്‍വകലാശാലയിലെ ജനറല്‍ സോറവര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി പങ്കെടുത്തു.

സംസ്ഥാനത്തെ ഏറ്റവും ജനപ്രീതിയുള്ള നേതാവാണ് ഒമര്‍ എങ്കിലും അഴിമതിയാരോപണം നേരിടുന്ന എം എല്‍ എമാരും സംസ്ഥാനത്തെ വിഘടനവാദ സംഘങ്ങളും അദ്ദേഹത്തിന് തലവേദന സൃഷ്ടിച്ചേക്കും. വിഘടനവാദികളുമായി ചര്‍ച്ച നടത്തുമെന്ന് ഒമര്‍ അറിയിച്ചിട്ടുണ്ടെങ്കിലും എത്രത്തോളം ഫലവത്താകുമെന്ന് അറിയാനിരിക്കുന്നതേയുള്ളൂ.

അതിനിടെ യു‌പി‌എ‌യുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ പിഡിപി തീരുമാനിച്ചു. പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി ഇത് സംബന്ധിച്ച് സോണിയാഗാന്ധിക്ക് കത്ത് നല്‍കി. പിഡിപിയുടെ തീരുമാനം നിരാശാജനകമാണെന്നും ഇത് സംസ്ഥാനത്ത് ബിജെപിക്ക് സഹായകമാകുമെന്നും കോണ്‍ഗ്രസ് വക്താവ് ഷക്കീല്‍ അഹമ്മദ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :