ഐബിഎമ്മില്‍ കൂട്ടപ്പിരിച്ചുവിടല്‍

ന്യൂയോര്‍ക്ക്| WEBDUNIA|
ഇന്‍റര്‍നാഷണല്‍ ബിസിനസ് മെഷീന്‍സ് (ഐബിഎം) കോര്‍പറേഷന്‍ അമേരിക്കയില്‍ അയ്യായിരത്തോളം ജിവനക്കാരെ പിരിച്ചുവിടാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഏതാനും മാസങ്ങളിലെ കമ്പനി നടത്തിയ ചെലവ് ചുരുക്കല്‍ നടപടികളുടെ തുടര്‍ച്ചയായാണ് പുതിയ നീക്കം.

115,000 ആണ് ഐബിഎമ്മിന്‍റെ യുഎസിലെ തൊഴില്‍ ക്ഷമത. ഇതില്‍ നാല് ശതമാനത്തോളം കുറവ് വരുത്താ‍നാണ് കമ്പനി ഉദ്ദേശിക്കുന്നത്. പുറം ജോലിക്കരാര്‍, കണ്‍സള്‍ട്ടിംഗ് സേവനങ്ങള്‍ എന്നീ വിഭാഗങ്ങളിലായിരിക്കും പിരിച്ചുവിടല്‍. അതേസമയം പുതിയ നീക്കത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഐബിഎം വക്താവ് വിസമ്മതിച്ചു. ആഗോളതലത്തില്‍ 398,455 ജീവനക്കാരായിരുന്നു 2008 അവസാനത്തില്‍ ഐബിഎമ്മിലുണ്ടായിരുന്നത്. എന്നാല്‍ എത്ര ജീവനക്കാരെ ഇതിനകം പിരിച്ചുവിട്ടുവെന്ന കാര്യം കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ഐബിഎമ്മിന്‍റെ മൊത്തം വരുമാനത്തിന്‍റെ മൂന്നില്‍ രണ്ട് ഭാഗവും അമേരിക്കയ്ക്ക് പുറത്തുനിന്നുമാണ്. ഇന്ത്യ ചൈന തുടങ്ങിയ വളര്‍ന്നുവരുന്ന വിപണികളിലേക്ക് തൊഴിലുകള്‍ വ്യാപിപ്പിക്കാന്‍ കമ്പനിയ്ക്ക് പദ്ധതിയുള്ളതായും റിപ്പോര്‍ട്ടുണ്ട്. 2008 അവസാനത്തില്‍ ബ്രിക് രാജ്യങ്ങളില്‍( ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന) കമ്പനിയുടെ തൊഴില്‍ ക്ഷമത 113,000 ആയിരുന്നു.

പുതിയ പ്രഖ്യാപനത്തെത്തുടര്‍ന്ന് ന്യൂയോര്‍ക്ക് വിപണിയില്‍ ഐബിഎം ഓഹരികള്‍ക്ക് 0.42 ശതമാനത്തോളം വിലയിടിഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :