ഷീലാ ദീക്ഷിതിനെതിരേ അന്വേഷണം ആവശ്യപ്പെട്ട് കെജ്‌രിവാള്‍
ന്യൂഡല്‍ഹി|
WEBDUNIA|
Last Modified തിങ്കള്‍, 3 ഫെബ്രുവരി 2014 (19:00 IST)
PRO
PRO
മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെതിരേ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. 2009ല്‍ നിയമവിരുദ്ധമായി ആയിരത്തോളം കോളനികള്‍ സ്ഥാപിക്കാന്‍ അനുവാദം നല്‍കിയ കേസിലാണ് അന്വേഷണത്തിന് ശുപാര്‍ശ. ഇത് സംബന്ധിച്ച് കെജ്‌രിവാള്‍ രാഷ്ട്രപതിക്ക് കത്തെഴുതി. അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കാതെ ഷീലാ ദിക്ഷിത് ആയിരത്തോളം കോളനികള്‍ നിര്‍മ്മിക്കാന്‍ അനുവാദം നല്‍കിയത് രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണെന്ന് ലോകായുക്ത നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് സര്‍ക്കാര്‍ അന്വേഷണത്തിന് കെജ്‌രിവാള്‍ ശുപാര്‍ശ ചെയ്തത്.
കോളനികള്‍ നിര്‍മ്മിക്കാന്‍ അനുവദിച്ച സ്ഥലം വനവത്കരണത്തിനായി മാറ്റിവെച്ചതാണെന്ന ആരോപണവും ഉയരുന്നുണ്ട്. ഒരു ദശാബ്ദത്തിലേറെയായി ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദിക്ഷിത് കഴിഞ്ഞ നിയമസഭ ഇലക്ഷനില്‍ പരാജയപ്പെട്ടതോടെ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുകയായിരുന്നു. ഇലക്ഷനില്‍ ബിജെപി മുഖ്യകക്ഷിയായെങ്കിലും രണ്ടാം കക്ഷിയായ ആം ആദ്മി അധികാരത്തിലേറുകയായിരുന്നു.
ഷീലാ ദീക്ഷിതിന്റെ അഴിമതികള്‍ അന്വേഷണ വിധേയമാക്കുമെന്നും നടപടിയെടുക്കുമെന്നും കെജ്‌രിവാള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അതേസമയം സോംനാഥ് ഭാരതിയെ സംരക്ഷിക്കുന്ന കെജ്‌രിവാള്‍ സര്‍ക്കാരിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.