പവര്‍ കട്ട് ഏര്‍പ്പെടുത്തുമെന്ന സ്വകാര്യ വൈദ്യുതി കമ്പനികളുടെ മുന്നറിയിപ്പ് ബ്ലാക്ക്‌മെയില്‍ തന്ത്രമെന്ന് കെജ്‌രിവാള്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
നാളെ മുതല്‍ ഡല്‍ഹിയില്‍ പവര്‍ കട്ട് ഏര്‍പ്പെടുത്തുമെന്ന റിലയന്‍സ് ഉള്‍പ്പെടെയുള്ള സ്വകാര്യ വൈദ്യുതി കമ്പനികളുടെ മുന്നറിയിപ്പ് ബ്ലാക്ക്‌മെയില്‍ തന്ത്രമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പവര്‍കട്ടുണ്ടായാല്‍ കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു. സെന്‍ട്രല്‍, ഈസ്റ്റ് ഡല്‍ഹിയില്‍ എട്ടു മുതല്‍ 10 മണിക്കൂര്‍ പവര്‍കട്ട് ഏര്‍പ്പെടുത്തുമെന്നായിരുന്നു കമ്പനികളുടെ മുന്നറിയിപ്പ്. വിപണി നിരക്കിലും കുറഞ്ഞ നിരക്കില്‍ വൈദ്യുതി വില്‍ക്കാന്‍ നിര്‍ബന്ധിതമാകുന്നത് വന്‍ നഷ്ടമുണ്ടാക്കുന്നുവെന്നാണ് വൈദ്യുതി കമ്പനികളുടെ പരാതി.

ഡല്‍ഹിയില്‍ അനില്‍ അംബാനി നേതൃത്വം നല്‍കുന്ന ബിഎസ്ഇഎസ് ഉള്‍പ്പെടെ മൂന്ന് വിതരണ കമ്പനികളാണ് സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. കെജ്‌രിവാള്‍ സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ ഡല്‍ഹിയില്‍ വൈദ്യുതി നിരക്ക് പകുതിയാക്കി കുറച്ചിരുന്നു. കൂടാതെ, വൈദ്യുതി കമ്പനികളുടെ കണക്കുകള്‍ ഓഡിറ്റ് ചെയ്യുമെന്നും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പവര്‍കട്ട് ഏര്‍പ്പെടുത്താന്‍ വൈദ്യുതി കമ്പനികളുടെ നീക്കം.

അതേസമയം, ജന്‍ലോക്പാല്‍ ബില്‍ ഫെബ്രുവരി 16ന് ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തില്‍ നടക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് മന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കി. ബില്‍ അവതരിപ്പിക്കുന്നതിനായി 13 മുതല്‍ 16 വരെ സമ്മേളനം നടക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :