ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ അറസ്റ്റിലായ ശ്രീശാന്തിനും മറ്റ് കളിക്കാര്‍ക്കുമെതിരെ ശക്തമായ തെളിവുകള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘം. രാജസ്ഥാന്‍ റോയല്‍സ് മീഡിയം പേസര്‍ സിദ്ധാര്‍ഥ് ത്രിവേദിയെ ഒത്തുകളി കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷിയാക്കും എന്നാണ് വിവരം. റോയല്‍സിലെ തന്നെ താരങ്ങളായ ശ്രീശാന്തിനും മറ്റ് രണ്ട് പേര്‍ക്കുമെതിരെ പ്രോസിക്യൂഷന്‍ സാക്ഷിയായി ത്രിവേദി എത്തും.
ത്രിവേദിയെയും ഒത്തുകളിയിലേക്ക് നയിക്കാന്‍ വാതുവയ്പ്പുകാര്‍ ശ്രമിച്ചിരുന്നു. പണം വാഗ്ദാനം ചെയ്യുകയും ചെയ്തു. വാതുവയ്പ്പുകാര്‍ ഒരുക്കിയ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ത്രിവേദിയെ അജിത് ചന്ദില ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ 30കാരനായ ത്രിവേദി ഇതെല്ലാം നിരസിക്കുകയായിരുന്നു. ത്രിവേദിയെ സാക്ഷിയാക്കുന്നത് പ്രോസിക്യൂഷന്‍ വാദത്തിന് ബലം പകരുമെന്ന് ഉറപ്പാണ്.
ഐപിഎല്‍ വാതുവയ്പില്‍ കളിക്കാരും മുന്‍ കളിക്കാരും വാതുവയ്പ്പുകാരും ഉള്‍പ്പെടെ 26 പേരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അറസ്റ്റ് ചെയ്തിരിക്കുന്നത്.