വൈദ്യുതി ബില്‍ അടയ്ക്കാത്തവര്‍ക്ക് സബ്‌സിഡി: തീരുമാനത്തിന് സ്റ്റേ
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
വൈദ്യുതിബില്‍ അടയ്ക്കാത്തവര്‍ക്ക് അമ്പതുശതമാനം സബ്‌സിഡി അനുവദിച്ച ആംആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ തീരുമാനം ഡല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്തു. ഇക്കാര്യത്തില്‍ വാദംകേള്‍ക്കുന്ന ഫെബ്രുവരി 21 വരെ ഒരു നടപടിയും സ്വീകരിക്കരുതെന്നും ജസ്റ്റിസ് ബി ഡി അഹമ്മദും ജസ്റ്റിസ് സിദ്ധാര്‍ഥ് മൃദുലും അടങ്ങുന്ന ബെഞ്ച് വാക്കാല്‍ ഉത്തരവ് നല്‍കി. 2012 ഒക്ടോബര്‍ മുതല്‍ 2013 ഡിസംബര്‍ വരെ വൈദ്യുതിബില്‍ അടയ്ക്കാത്തവര്‍ക്കാണ് ആംആദ്മി ഇളവ് അനുവദിച്ചത്.
സബ്‌സിഡി നല്‍കാന്‍ ഡല്‍ഹി സര്‍ക്കാര്‍ എടുത്ത തീരുമാനം വ്യക്തതയില്ലാത്തതാണെന്ന് ഹര്‍ജിക്കാരന്‍ വിവേക് ശര്‍മ പറഞ്ഞു. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഫയലില്‍, ഇക്കാര്യം മന്ത്രിസഭയില്‍ വെക്കണമെന്ന് മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്‌രിവാള്‍ കുറിച്ചതായി കാണുന്നു. തീരുമാനം എടുത്തിട്ടില്ലെന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്.
അതേസമയം ആം ആദ്മി പാര്‍ട്ടിയുടെ പ്രധാന തീരുമാനങ്ങളെല്ലാം നടപ്പാക്കാന്‍ ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും നിര്‍ദേശം നല്കിയെന്നും വാര്‍ത്തകളില്‍ കാണുന്നുണ്ട്. എന്നാല്‍ വൈദ്യുതി സബ്‌സിഡി കാര്യത്തില്‍ മന്ത്രിസഭാ തീരുമാനം ഉണ്ടായതായി കാണുന്നില്ലെന്നും ഹര്‍ജിക്കാരന്‍ പറയുന്നു.
ബില്ലടയ്ക്കാത്തവരില്‍നിന്ന് പിഴ ഈടാക്കുന്നതിനു പകരം സബ്‌സിഡി നല്കുന്നത് അരാജകത്വം ഉണ്ടാക്കാനിടയാക്കുമെന്ന് ഹര്‍ജിയില്‍ വാദിക്കുന്നു. വൈദ്യുതിമോഷണക്കേസുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനവും ഹര്‍ജിക്കാരന്‍ ചോദ്യം ചെയ്തു.