ഉഗാണ്ടന്‍ വനിതകള്‍ക്കെതിരേ വംശീയ അധിക്ഷേപം: സോംനാഥ് ഭാരതി രാജി വയ്ക്കേണ്ടെന്ന് ആംആദ്മി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഉഗാണ്ടന്‍ വനിതകള്‍ക്കെതിരേ വംശീയ അധിക്ഷേപം നടത്തിയ ഡല്‍ഹി നിയമമന്ത്രി സോംനാഥ് ഭാരതി രാജി വയ്ക്കേണ്ടെന്ന് ആംആദ്മി പാര്‍ട്ടി. വംശീയ അധിക്ഷേപം നടത്തിയതിന് മന്ത്രിക്കെതിരെ തെളിവുകള്‍ ഇല്ലെന്ന് പാര്‍ട്ടി വക്താവ് യോഗേന്ദ്ര യാദവ് വ്യക്തമാക്കി. ലഫ്റ്റന്റ് ഗവര്‍ണര്‍ നജീബ് ജംഗ് ഉത്തരവിട്ടിട്ടുള്ള ജുഡീഷ്യല്‍ അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ സോമനാഥ് ഭാരതിക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വിമര്‍ശനത്തിന് മോശം ഭാഷ ഉപയോഗിച്ചതിന് സോംനാഥ് ഭാരതിക്ക് പാര്‍ട്ടി താക്കീത് നല്‍കി. കഴിഞ്ഞ ദിവസം ചേര്‍ന്ന എഎപിയുടെ രാഷ്ട്രീയകാര്യ സമിതി യോഗത്തിലേക്ക് സോമനാഥ് ഭാരതിയെ വിളിച്ചുവരുത്തിയിരുന്നു. ഭാരതിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു ഇത്.

മന്ത്രിയും എഎപി പ്രവര്‍ത്തകരും വംശീയാധിക്ഷേപം നടത്തിയെന്നാരോപിച്ച് ഉഗാണ്ടന്‍ വനിത നേരത്തെ പരാതി നല്‍കിയിരുന്നു. പെണ്‍വാണിഭ-മയക്കുമരുന്ന് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന പ്രദേശവാസികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ സോംനാഥ് ഭാരതിയുടെ നേതൃത്വത്തിലുള്ള സംഘം ഉഗാണ്ടന്‍ വനിതയും സംഘവും സഞ്ചരിച്ച വാഹനം തടഞ്ഞു നിര്‍ത്തി പരിശോധിച്ചിരുന്നു. ഇതിനിടെ മന്ത്രി വംശീയാധിക്ഷേപം നടത്തിയെന്നാണ് ഉഗാണ്ടന്‍ വനിതയുടെ പരാതി.

സംഭവത്തില്‍ ഇരുപതോളം രാജ്യങ്ങളില്‍ നിന്നുളള ആഫ്രിക്കന്‍ എംബസി ഉദ്യോഗസ്ഥര്‍ പ്രതിഷേധിക്കുകയും കേന്ദ്രവിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനെ കണ്ട് പരാതി ബോധിപ്പിക്കുകയും ചെയ്തിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് സല്‍മാന്‍ ഖുര്‍ഷിദ് എംബസി ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പ് നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :