വൈദ്യുതി നിലച്ചു, രാജ്യം പ്രതിസന്ധിയില്‍

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
രാജ്യത്ത് 19 സംസ്ഥാനങ്ങളില്‍ വൈദ്യുതി നിലച്ചു. ഇതോടെ രാജ്യം കടുത്ത പ്രതിസന്ധിയിലായി. ഉത്തരേന്ത്യയില്‍ ജനജീവിതം താറുമാറായി. പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍റെ വൈദ്യുതി വിതരണശൃംഖലയിലെ തകരാറാണ് രാജ്യത്തെ ഇരുട്ടിലേക്ക് നയിക്കുന്നത്. രാജ്യത്തെ 67 കോടി ജനങ്ങളെ വൈദ്യുതി പ്രതിസന്ധി ബാധിച്ചിട്ടുണ്ട്.

തിങ്കളാഴ്ച ഉത്തരേന്ത്യന്‍ ഗ്രിഡിന് തകരാറുണ്ടാകുകയും വൈദ്യുതി മുടങ്ങുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച വീണ്ടും പവര്‍ഗ്രിഡില്‍ തകരാറുണ്ടാകുകയായിരുന്നു. ഉത്തരേന്ത്യന്‍ ഗ്രിഡും പശ്ചിമഗ്രിഡും കിഴക്കന്‍ ഗ്രിഡും തകരാറിലാണ്.

ഉത്തരേന്ത്യയിലെ വൈദ്യുതി പ്രതിസന്ധി കേരളത്തെയും ബാധിക്കും. കേന്ദ്രപൂളില്‍ നിന്നു കേരളത്തിനു ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയില്‍ ചൊവ്വാഴ്ച 685 മെഗാവാട്ടിന്‍റെ കുറവാണ് ഉണ്ടാവുക. ഇതേത്തുടര്‍ന്ന് കേരളത്തില്‍ അരമണിക്കൂര്‍ ലോഡ്‌ഷെഡ്ഡിംഗ് ഏര്‍പ്പെടുത്താന്‍ കെ എസ് ഇ ബി തീരുമാനിച്ചിരിക്കുകയാണ്.

വൈദ്യുതി നിലച്ചതോടെ ഡല്‍ഹി മെട്രോ റയിലിന്‍റെ പ്രവര്‍ത്തനം പൂര്‍ണമായും തടസ്സപ്പെട്ടു. ട്രെയിനുകള്‍ പല സ്റ്റേഷനുകളിലും നിര്‍ത്തിയിട്ടിരിക്കുകയാണ്. ചില ട്രെയിനുകള്‍ തുരങ്കങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. ട്രെയിനുകളില്‍ കുടുങ്ങിയ യാത്രക്കാരെ രക്ഷപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ട്രാഫിക് സംവിധാനം താറുമാറായത് ഗതാഗതക്കുരുക്കുണ്ടാക്കിയിട്ടുണ്ട്.

അവശ്യ സര്‍വീസുകളില്‍ വൈദ്യുതി നിലയ്ക്കാതിരിക്കാനുള്ള മുന്‍‌കരുതലുകള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുടെങ്കിലും ആശുപത്രികളെയും പെട്രോള്‍ പമ്പുകളെയും വൈദ്യുതി പ്രതിസന്ധി ബാധിച്ചു. പല സംസ്ഥാനങ്ങളിലും സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :