വിവാഹദിനത്തില്‍ വധു പ്രസവിച്ചാല്‍ എന്ത് സംഭവിക്കും? സ്വാഭാവികമായും വധുവിന്റെയും വരന്റെയും കൂട്ടര്‍ തമ്മില്‍ ഇക്കാര്യം പറഞ്ഞ് തല്ലിപ്പിരിയും, വിവാഹം മുടങ്ങും. പക്ഷേ ഇവിടെ ഒരു വരന്‍ ഇക്കാര്യത്തില്‍ വ്യത്യസ്തനാകുകയാണ്. വിവാഹദിനത്തില്‍ പ്രസവിച്ച വധുവിനെ ഇയാള്‍ ഉപേക്ഷിക്കാന്‍ കൂട്ടാക്കിയില്ല. വധുവിനെ മാത്രമല്ല, അന്ന് പിറന്ന കുഞ്ഞിനെയും സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.
മധ്യപ്രദേശില്‍ ഗോത്രവിഭാഗക്കാര്‍ ഏറെയുള്ള ദിന്ദോരി ജില്ലയിലാണ് വ്യത്യസ്തമായ ഈ സംഭവം നടന്നത്. മാന്‍ സിംഗ് ധുര്‍വ് ആണ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വാക്ക് ചെവിക്കൊള്ളാന്‍ കൂട്ടാക്കാതെ വധുവിനെയും കുഞ്ഞിനെയും കൂടെകൂട്ടാന്‍ തീരുമാനിച്ചത്.
ഇയാളെ പിന്തിരിപ്പിക്കാന്‍ എല്ലാവരും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വധുവിനെ നിസ്സഹായാവസ്ഥയില്‍ വിട്ടുപോകാന്‍ അയാളുടെ മനസ്സ് അനുവദിച്ചില്ല. നവജാതശിശുവിനെ കൈയില്‍ എടുത്തുകൊണ്ടാണ് ഇയാള്‍ വിവാഹചടങ്ങില്‍ പങ്കുകൊണ്ടത്. ജീവിതകാലം മുഴുവന്‍ കൂടെ നില്‍ക്കുമെന്ന് വിവാഹനിശ്ചയ ദിനത്തില്‍ താന്‍ വധുവിന് വാക്ക് നല്‍കിയതാണെന്നും അത് തെറ്റിക്കാന്‍ സാധിക്കില്ലെന്നും മാന്‍ സിംങ് പറഞ്ഞു.
തങ്ങളെ ധിക്കരിച്ച മാന്‍ സിംങിനെതിരെ ശിക്ഷാനടപടി സ്വീകരിക്കുമെന്ന് ഗ്രാമമുഖ്യന്മാര്‍ വ്യക്തമാക്കി. ഈ വെല്ലുവിളി ഏറ്റെടുത്ത മാന്‍ സിംഗ് പിഴ ശിക്ഷ ഒടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു.