വിവാഹത്തിന് ഒരുങ്ങാനായി ബ്യൂട്ടി പാര്‍ലറിലേക്ക് പുറപ്പെട്ട പെണ്‍കുട്ടിയുടെ മുഖത്ത് യുവാവ് ആസിഡ് ഒഴിച്ചു. ലുധിയാനയിലാണ് സംഭവം. ബര്‍നാലയില്‍ നിന്നുള്ള 22കാരിയാണ് ആക്രമണത്തിന് ഇരയായത്. പെണ്‍കുട്ടിയെ ഉടന്‍ തന്നെ ഡിഎംസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബ്യൂട്ടി പാര്‍ലറിന് സമീപത്ത് വച്ചാണ് ആക്രമണം നടന്നത്. 25 വയസ്സ് പ്രായമുള്ള യുവാവാണ് ആക്രമണം നടത്തിയത്. തുടര്‍ന്ന് യുവാവ് ബ്യൂട്ടി പാര്‍ലറിന് സമീപം പാര്‍ക്ക് ചെയ്ത വാഹനത്തില്‍ രക്ഷപ്പെടുകയും ചെയ്തു.
പെണ്‍കുട്ടിയുടെ ഒരു സുഹൃത്തിന്റെ സഹോദരനാണ് ആസിഡ് ആക്രമണം നടത്തിയത്. തന്നെ വിവാഹം ചെയ്യണം എന്ന് ആവശ്യപ്പെട്ട് ഈ യുവാവ് പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നു എന്നാണ് വിവരം. ഇല്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഈ യുവാവിനെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.