വി എസും പാര്‍ട്ടിയും രണ്ടല്ല, വിജയങ്ങളില്‍ വി എസിനും പങ്കുണ്ട്: യെച്ചൂരി

കൊല്‍ക്കത്ത| Last Modified ശനി, 26 ഡിസം‌ബര്‍ 2015 (16:27 IST)
പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും സി പി എമ്മും രണ്ടല്ലെന്നും ഒന്നുതന്നെയാണെന്നും സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തില്‍ സമീപകാലത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പിലുണ്ടായ വിജയം സി പി എമ്മിനെന്നപോലെ വി എസിനും അവകാശപ്പെട്ടതാണ്. പാര്‍ട്ടിക്ക് വിജയത്തില്‍ പങ്കുണ്ടെങ്കില്‍, വിഉ എസിനും പങ്കുണ്ട് - സംശയലേശമന്യേ യെച്ചൂരി വ്യക്തമാക്കി.

വി എസ് തെരഞ്ഞെടുപ്പുകളിലെ വിജയഘടകം എന്നത് മാധ്യമവ്യാഖ്യാനമാണെന്ന പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍റെ പ്രസ്താവനയ്ക്ക് മറുപടിയെന്നോണമാണ് ജനറല്‍ സെക്രട്ടറി ഇക്കാര്യം പറഞ്ഞത്.

സി പി എമ്മില്‍ ഏറ്റവും ബഹുമാനിക്കപ്പെടുന്ന മുതിര്‍ന്ന നേതാവാണ് വി എസ്. അദ്ദേഹത്തെയും പാര്‍ട്ടിയെയും രണ്ടായി കാണേണ്ടതില്ല. പ്രായവും അനുഭവപരിചയവും നേതൃത്വത്തെ തീരുമാനിക്കുന്നതില്‍ പ്രധാന ഘടകം തന്നെയാണ് - യെച്ചൂരി വ്യക്തമാക്കി.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വി എസ് മത്സരിക്കുമോ എന്ന ചോദ്യത്തിന് അക്കാര്യം പാര്‍ട്ടി ആലോചിച്ചിട്ടില്ലെന്ന് പിണറായി വിജയന്‍ ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയം തീരുമാനിക്കുന്നത് ജനങ്ങളാണെന്നും പിണറായി വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :