ന്യൂഡല്‍ഹി|
Last Modified വെള്ളി, 25 ഡിസംബര്‍ 2015 (11:21 IST)
ഉത്തരവാദിത്തങ്ങളില്‍ നിന്ന് നേതാക്കള്‍ പോലും ഒഴിഞ്ഞുനില്‍ക്കുന്ന സാഹചര്യം പാര്‍ട്ടിയിലുണ്ടെന്ന് സി പി എം പ്ലീനം രേഖ. വസ്തുനിഷ്ഠമായ വിലയിരുത്തലിന് പകരം വ്യക്തിനിഷ്ഠമായ വിലയിരുത്തലുകളാണ് നടക്കുന്നതെന്നും രേഖയില്‍ പറയുന്നു. നേതാക്കള്‍ തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നുണ്ടോ എന്ന് കൃത്യമായി വിലയിരുത്തണമെന്ന നിര്‍ദ്ദേശവും പ്ലീനം രേഖ മുന്നോട്ടുവയ്ക്കുന്നു.
കൂട്ടുത്തരവാദിത്തത്തിന്‍റെ പേരുപറഞ്ഞ് നേതാക്കള്‍ സ്വന്തം ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന സ്ഥിതി നിലനില്‍ക്കുന്നുണ്ട്. ഈ പ്രവണത അവസാനിപ്പിക്കാനായി പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ ഉള്‍പ്പടെ ഓരോ നേതാക്കളും കൃത്യമായ ഇടവേളകളില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന നിര്‍ദ്ദേശം പ്ലീനത്തില്‍ ചര്‍ച്ച ചെയ്യും.
പാര്‍ട്ടിയിലെ അംഗങ്ങളുടെ പദവിയും സ്ഥാനവും നിര്‍ണയിക്കുന്നതില്‍ വരെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ മാനദണ്ഡമാകുന്നു എന്ന ഗുരുതരമായ വിലയിരുത്തലും പ്ലീനം രേഖ നടത്തുന്നുണ്ട്.