കോട്ടയം|
Last Modified വ്യാഴം, 24 ഡിസംബര്‍ 2015 (19:39 IST)
ജാഥ നയിക്കുന്നവര്‍ മുഖ്യമന്ത്രിയാകണമെന്നില്ല എന്നത് സി പി ഐയുടെ മാത്രം അഭിപ്രായമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍.
സി പി ഐ നേതാക്കളാണല്ലോ അക്കാര്യം പറഞ്ഞത്, അപ്പോള്‍ അത് അവരുടെ അഭിപ്രായമാണ് - വി എസ് പറഞ്ഞു.
സി പി എമ്മിന്‍റെ കേരളാജാഥ നയിക്കുന്നത് പിണറായി വിജയന്‍ ആയതുകൊണ്ട് അദ്ദേഹം തന്നെ മുഖ്യമന്ത്രിയാകണമെന്നില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു. പന്ന്യന്‍ രവീന്ദ്രനും ഇക്കാര്യം ആവര്‍ത്തിച്ചപ്പോഴാണ് വി എസ് ഇടപെട്ടത്. അത് സി പി ഐയുടെ മാത്രം അഭിപ്രായമാണെന്ന് പറഞ്ഞതിലൂടെ പാര്‍ട്ടിയുടെ തീരുമാനം അന്തിമമായി നടപ്പാകുമെന്ന സന്ദേശമാണ് വി എസും നല്‍കുന്നത്.
പിണറായിയെ നിയോഗിച്ചിട്ടുള്ളത് ജാഥ നയിക്കാന്‍ മാത്രമാണെന്നും ജാഥ നയിക്കുന്നവര്‍ മുഖ്യമന്ത്രിയാകണമെന്നില്ലെന്നും കടുത്ത ശരീരഭാഷയോടെയാണ് പന്ന്യന്‍ രവീന്ദ്രന്‍ അഭിപ്രായം പറഞ്ഞത്. മുന്നണിയില്‍ സീറ്റ് തീരുമാനിക്കുന്നത് സിപിഎം മാത്രമല്ലെന്നും സീറ്റ് നല്‍കാന്‍ ഒരു വല്യേട്ടനും വാങ്ങാന്‍ കുറേ അനിയന്‍മാരും എന്നൊന്ന് ഇടതുമുന്നണിയിലില്ലെന്നും പന്ന്യന്‍ പറഞ്ഞിരുന്നു.
എന്തായാലും സി പി ഐയുടെ നിലപാടിനെ തള്ളി വി എസ് എത്തിയതോടെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെന്ന പോലെ ഒറ്റക്കെട്ടായി നിയമസഭാ തെരഞ്ഞെടുപ്പിനെയും നേരിടാന്‍ സി പി എം തയ്യാറായിക്കഴിഞ്ഞു എന്നുവേണം കരുതാന്‍.