ഡല്‍ഹി :|
Last Updated:
ബുധന്‍, 24 ഡിസംബര്‍ 2014 (12:16 IST)
മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയിക്ക് ഭാരതരത്‌ന. സ്വാതന്ത്ര്യ സമര സേനാനിയും വിദ്യാഭ്യാസ വിചക്ഷണനുമായ മദന്‍ മോഹന്‍ മാളവ്യക്കും ഭാരതരത്‌ന നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. തീരുമാനം രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകരിച്ചു.
വാജ്‌പേയിക്കും മാളവ്യയ്ക്കും ഭാരതരത്ന നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വസതിയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്. ഇതാദ്യമായാണ് ഭാരതരത്‌ന ഒരു ബി ജെ പി നേതാവിന് ലഭിക്കുന്നത്.
പുരസ്കാരം ലഭിക്കുന്ന ആറാമത്തെ പ്രധാനമന്ത്രിയാണ് എ ബി വാജ്‌പേയി. മോഡിയെക്കൂടാതെ അരുണ്‍ ജെയ്‌റ്റ്‌ലി, സുഷമ സ്വരാജ്, നിതിന്‍ ഗഡ്കരി, രാജ്നാഥ് സിംഗ്, അമിത് ഷാ തുടങ്ങിയവര്‍ വാജ്‌പേയിക്ക് ഭാരതരത്‌ന നല്‍കാന്‍ തീരുമാനമെടുത്ത യോഗത്തില്‍ സംബന്ധിച്ചു.
വാജ്‌പേയി ഭാരതരത്‌നയ്ക്ക് എന്തുകൊണ്ടും അര്‍ഹനാണെന്ന് ബി ജെ പിയുടെ മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി പ്രതികരിച്ചു. ഒട്ടേറെ ബി ജെ പി നേതാക്കളും അമര്‍ത്യ സെന്നിനെപ്പോലെയുള്ള പ്രമുഖരും വാജ്പേയിക്ക് ഭാരതരത്ന നല്‍കാനുള്ള തീരുമാനത്തില്‍ ആഹ്‌ളാദം പ്രകടിപ്പിച്ചു.
ഇന്ത്യയില്‍ എന്‍ ഡി എ സര്‍ക്കാരിനെ അധികാരത്തിലെത്തിച്ച വാജ്‌പേയി 1996ല്‍ ഇന്ത്യയുടെ പതിനൊന്നാമത് പ്രധാനമന്ത്രിയായി. എന്നാല്‍ 13 ദിവസങ്ങള്‍ മാത്രമേ ആ സര്‍ക്കാരിന് ആയുസ് ഉണ്ടായിരുന്നുള്ളൂ. പിന്നീട് 1998 മുതല്‍ 2004 വരെ പ്രധാധാനമന്ത്രിയായിരുന്നു വാജ്‌പേയി.
വാജ്‌പേയിക്ക് ഭാരതരത്ന നല്‍കണമെന്ന് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി ബി ജെ പി നേതൃത്വം ആവശ്യപ്പെട്ടുവരികയായിരുന്നു. ഇപ്പോള്‍ ബി ജെ പി സര്‍ക്കാരിലൂടെ തന്നെ അക്കാര്യത്തില്‍ തീരുമാനമായിരിക്കുന്നു.
പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയ്ക്ക് ഭാരതരത്ന നല്‍കുമെന്നുള്ളത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്‌ദാനമായിരുന്നു. ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ സ്ഥാപകന്‍ കൂടിയാണ് മാളവ്യ.