ന്യൂഡല്‍ഹി: |
WEBDUNIA|
Last Modified ഞായര്‍, 3 ഫെബ്രുവരി 2013 (11:10 IST)
PRO
PRO
ജസ്റ്റിസ് ജെ എസ് വര്‍മ കമ്മീഷന്റെ ശിപാര്‍ശകളില്‍ സര്‍ക്കാര്‍ അട്ടിമറിച്ചതായി വനിതാസംഘടനകള്‍. ഇതിനിടെ സ്ത്രീകളുടെ നേരെയുള്ള അതിക്രമം തടയുന്നതിനുള്ള ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.
'അപൂര്‍വങ്ങളില്‍ അപൂര്‍വമായ' ലൈംഗികാതിക്രമക്കേസുകളില്‍ വധശിക്ഷ നല്‍കാന്‍ ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ചെയ്യുന്നത് എതിര്‍പ്പിനിടയാക്കിയിട്ടുണ്ട്. വധശിക്ഷ വേണ്ട എന്ന വര്‍മ കമ്മിഷന്റെ നിലപാടിന് വിരുദ്ധമാണിതെന്നാണ് ആരോപണം. വധശിക്ഷ ലഭിക്കുമെന്നാവുമ്പോള്‍, ഇരയെ കൊന്നുകളയാന്‍ അക്രമി മടിക്കില്ലായെന്ന ആശങ്കയാണ് വനിതാ സംഘടനകള്‍ ഉന്നയിക്കുന്നത്. അതേസമയം വര്‍മ കമ്മിഷന്റെ ചില ശിപാര്‍ശകള്‍ ഓര്‍ഡിനന്‍സില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
സ്ത്രീക്കുനേരേ ആസിഡാക്രമണം നടത്തിയാല്‍ 10 വര്‍ഷം വരെ തടവ് ലഭിക്കാം. ഒളിഞ്ഞുനോട്ടം, പിന്തുടരല്‍ തുടങ്ങിയവയും ലൈംഗികക്കുറ്റങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുത്തി. ഒളിഞ്ഞുനോട്ടത്തിന് മൂന്നുവര്‍ഷം വരെ തടവ് വര്‍മ കമ്മിഷന്‍ ശിപാര്‍ശ ചെയ്തത് ഓര്‍ഡിനന്‍സില്‍ സ്വീകരിച്ചിട്ടുണ്ട്. ദുരുദ്ദേശ്യത്തോടെ സ്പര്‍ശിക്കല്‍, അംഗവിക്ഷേപങ്ങള്‍, വാക്കുകള്‍ ഉപയോഗിക്കല്‍ തുടങ്ങിയവയും ലൈംഗികക്കുറ്റങ്ങളുടെ പരിധിയില്‍പ്പെടും.
പരസ്യമായി സ്ത്രീയെ വസ്ത്രാക്ഷേപം ചെയ്താല്‍ മൂന്നുമുതല്‍ ഏഴുവരെ വര്‍ഷം തടവ് ലഭിക്കാം. പൂവാലശല്യം കുറ്റമായി പരിഗണിക്കും. ഇ-മെയില്‍, ടെലിഫോണ്‍ തുടങ്ങിയവ മുഖേനയുള്ള ശല്യങ്ങളും ലൈംഗികക്കുറ്റങ്ങളുടെ പരിധിയില്‍ പെടും. മറ്റൊരു സുപ്രധാനകാര്യം, ബലാത്സംഗം ചെയ്യപ്പെടുന്ന സ്ത്രീയുടെ മുന്‍കാലചരിത്രം അപ്രസക്തമായിരിക്കുമെന്നതാണ്. തന്റെ അനുവാദം കൂടാതെയാണ് ലൈംഗികബന്ധം നടത്തിയതെന്ന സ്ത്രീയുടെ മൊഴിയാവും അന്തിമം.
വിവാഹബന്ധത്തിനുള്ളില്‍ ഭര്‍ത്താവ് നടത്തിയേക്കാവുന്ന ബലാത്സംഗത്തെ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന വര്‍മ കമ്മിഷന്റെ ശിപാര്‍ശ സര്‍ക്കാര്‍ സ്വീകരിച്ചില്ല. സൈനികര്‍ നടത്തുന്ന ബലാത്സംഗങ്ങള്‍ കേസാക്കാന്‍ സര്‍ക്കാറിന്റെ അനുമതി വേണ്ട എന്ന ശിപാര്‍ശയും തള്ളി. ഇവ സാധാരണകോടതിയില്‍ കൈകാര്യം ചെയ്യണമെന്ന നിര്‍ദേശവും സര്‍ക്കാര്‍ സ്വീകരിച്ചില്ല. തന്റെ കമാന്‍ഡിന് കീഴില്‍ നടക്കുന്ന ഇത്തരമൊരു സംഭവം തടയാതിരുന്നതിന് സീനിയര്‍ ഓഫീസറെ ഉത്തരവാദിയാക്കുന്നതിനോടും സര്‍ക്കാര്‍ യോജിച്ചില്ല. മൂന്നാഴ്ചയ്ക്കകം പാര്‍ലമെന്‍റ് ചേരാനിരിക്കെ ധൃതിപിടിച്ച് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് സി പി എം കുറ്റപ്പെടുത്തി. ഓര്‍ഡിനന്‍സ് വര്‍മ കമ്മീഷന്‍ റിപ്പോര്‍ട്ടിനോട് നീതി പുലര്‍ത്തുന്നില്ലെന്നും പാര്‍ട്ടി പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.