വിമാനം പറത്താന്‍ കൃത്രിമ രേഖകള്‍ ചമച്ച് ലൈസന്‍സ് നേടിയെടുത്ത വനിത പൈലറ്റ് ഒടുവില്‍ അധികൃതരുടെ വലയിലായി. കള്ളത്തരം കണ്ടുപിടിച്ച അധികൃതര്‍ ഇവരുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു.
ഇന്‍ഡിഗോ വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റനായ പര്‍മിന്ദര്‍ കൌര്‍ ഗുലാത്തിയാണ് ആയിരക്കണക്കിന് യാത്രക്കാരുടെ ജീവന് പുല്ലുവില കല്‍പ്പിച്ച് വിമാനം പറത്തിയത്.
കഴിഞ്ഞ ജനുവരി 11ന് അപകടകരമാംവിധമാണ് ഇവര്‍ ഗോവ വിമാനത്താവളത്തില്‍ വിമാനമിറക്കിയത്. പ്രധാന ലാന്‍ഡിംഗ് ഗിയറിന് പകരം നോസ് വീല്‍ ഉപയോഗിച്ചായിരുന്നു ലാന്‍ഡിംഗ്. വിമാനം തിരിച്ചു ഡല്‍ഹിയിലേക്ക് പുറപ്പെട്ടപ്പോഴാണ് അതിന്റെ വീലുകള്‍ക്ക് എന്തോ തകരാറ് സംഭവിച്ച വിവരം അധികൃതര്‍ക്ക് മനസിലായത്. ഇതെത്തുടര്‍ന്നാണ് ഗുലാത്തിയുടെ ലാന്‍ഡിംഗ് രീതിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്.
ലാന്‍ഡിംഗ് ഗിയറിന് പകരം നോസ് വീല്‍ ഉപയോഗിച്ചാണത്രേ ഇവര്‍ പതിവായി വിമാനം നിലം തൊടീക്കുന്നത്. മാത്രമല്ല, ഇവരുടെ ജോലിയില്‍ മറ്റു പല കുഴപ്പങ്ങളും കണ്ടെത്തുകയും ചെയ്തു. ഏഴ് തവണ ടെസ്റ്റ് എഴുതി പരാജയപ്പെട്ട ഇവര്‍ കൃത്രിമ രേഖ ചമച്ച കാര്യം ബോധ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് ഡയറക്‍ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനിച്ചത്.
1,500 മണിക്കൂര്‍ വിമാനം പറത്തിയവര്‍ക്ക് മാത്രമേ വിമാനത്തിന്റെ ക്യാപ്റ്റനാവാന്‍ സാധിക്കൂ. കൂടാതെ, പറത്തല്‍ വിദ്യ, മെട്രോളജി, റേഡിയോ എയ്ഡ്സ് എന്നീ വിഷയങ്ങളില്‍ എഴുത്ത് പരീക്ഷയും അഭിമുഖവും ഉണ്ടാവും. മൂന്ന് മാസത്തില്‍ ഒരിക്കല്‍ നടത്തുന്ന ഈ പരീക്ഷ അത്ര എളുപ്പമുള്ളതല്ല താനും. അനുഭവജ്ഞാനം, ആരോഗ്യ സ്ഥിതി എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ രേഖകളും ഒപ്പം ഹാജരാക്കുകയും വേണം.
ഇവര്‍ക്ക് ലൈസന്‍സ് ലഭിക്കാന്‍ ആരെങ്കിലും സഹായം ചെയ്തോ എന്നും അന്വേഷിക്കുന്നുണ്ട്. ഒരു വിമാനത്തിന്റെ മുഴുവന്‍ ഭാരവും താങ്ങാന്‍ കെല്‍പ്പില്ലാത്ത ഒന്നാണ് നോസ് വീല്‍. ഇതു പയോഗിച്ച് അപകടം കൂടാതെ എങ്ങനെയാണ് വിമാനം നിലത്തിറക്കിയതെന്നാണ് അധികൃതരെ അത്ഭുതപ്പെടുത്തുന്ന കാര്യം
വ്യാജ രേഖകള്‍ നല്‍കിയതിന് ഗുലാത്തിക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും ഇന്‍ഡിഗോ വൃത്തങ്ങള്‍ വ്യക്തമാക്കി.