കോക്പിറ്റില്‍ പൈലറ്റ് കാപ്പി തട്ടിമറിച്ചതിനെ തുടര്‍ന്ന് ഒരു യാത്രാ വിമാനം അടിയന്തിരമായി നിലത്തിറക്കി! ചിക്കാഗോയില്‍ നിന്ന് 255 പേരെയും വഹിച്ചുകൊണ്ട് ഫ്രാങ്ക്‌ഫുര്‍ട്ടിലേക്ക് പോയ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനമാണ് ഇത്തരത്തില്‍ യാത്ര മുടക്കിയത്.
തിങ്കളാഴ്ച രാത്രിയാണ് വിമാനം അടിയന്തിരമായി നിലത്തിറക്കിയത്. ബോയിംഗ് 777 വിമാനത്തിന്റെ ആശയവിനിമയ സംവിധാനത്തില്‍ വന്ന തകരാറു കാരണമാണ് വിമാനം നിലത്തിറക്കിയതെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ പറയുന്നു.
എന്നാല്‍, പൈലറ്റ് കാപ്പി തട്ടിമറിച്ചതു മൂലം ആശയവിനിമയ സംവിധാനത്തില്‍ പിഴവുണ്ടാവുകയായിരുന്നു എന്ന് ട്രാന്‍സ്പോര്‍ട്ട് കാനഡ വ്യക്തമാക്കുന്നു.
കാപ്പി പരന്നൊഴുകിയതു കാരണം വിമാനത്തിന്റെ റേഡിയോ സംവിധാനം തകരാറിലാവുകയും ഹൈജാക്ക് ചെയ്യപ്പെടുമ്പോള്‍ നല്‍കുന്ന കോഡ് അയക്കാന്‍ തുടങ്ങിയതുമാണ് ക്യാപ്റ്റനെ വിഷമിപ്പിച്ചതും വിമാനം നിലത്തിറക്കാന്‍ കാരണമായതും.
ടൊറന്റോയില്‍ ഇറക്കിയ യാത്രക്കാരെ തിരികെ ചിക്കാഗോയില്‍ എത്തിച്ച ശേഷം ചൊവ്വാഴ്ച ഉച്ചയോടെയാണ് ഫ്രാങ്ക്‌ഫുര്‍ട്ടിലേക്ക് കയറ്റിവിട്ടത്.