ലൈംഗിക ബന്ധവും ഇനി വിവാഹമായി കണക്കാക്കും. ഞെട്ടേണ്ട, കാരണം ഇതു ഹൈക്കോടതി ഉത്തരവാണ്. പ്രായപൂര്‍ത്തിയായ യുവതിയും യുവാവും തമ്മില്‍ ലൈംഗിക ബന്ധം ഉണ്ടായിട്ടുണ്ടെങ്കില്‍ അവരെ ഭാര്യാ-ഭര്‍ത്താക്കന്മാരായി കണക്കാക്കാമെന്ന് മദ്രാസ് ഹൈക്കോടതിയാണ് ഉത്തരവിട്ടത്. താലി കെട്ടുന്നതും പൂമാലയിടുന്നതുമായ മതാചാരങ്ങള്‍ സമൂഹത്തെ തൃപ്തിപ്പെടുത്തുന്നതിനു വേണ്ടിയാണെന്നും കോടതി പറഞ്ഞു.
തന്നെ ഉപേക്ഷിച്ച ഭര്‍ത്താവില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൊണ്ട് മുസ്ലിം യുവതി നല്‍കിയ ഹര്‍ജിയില്‍ വിധി പറയുകയായിരുന്നു കോടതി. 1994 മുതല്‍ 1999 വരെ തങ്ങള്‍ ഒരുമിച്ച് കഴിഞ്ഞുവെന്നും പെട്ടെന്നൊരു ദിവസം തന്നെയും കുട്ടികളെയും ഉപേക്ഷിച്ച ഭര്‍ത്താവ് നഷ്ടപരിഹാരം നല്‍കുന്നില്ലെന്നും കാട്ടിയാണ് യുവതി ഹര്‍ജി നല്‍കിയത്. എന്നാല്‍ താനും യുവതിയും തമ്മില്‍ വിവാഹബന്ധം ഇല്ലെന്നും ചെരുപ്പുകമ്പനിയില്‍ സഹജീവനക്കാര്‍ മാത്രമായിരുന്നുമെന്നുമാണ് യുവാവ് പറഞ്ഞത്.
എന്നാല്‍ ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നു എന്നതിന് കോയമ്പത്തൂര്‍ കോടതിയില്‍ തെളിവുകള്‍ ലഭിച്ചിരുന്നു. യുവതിയുടെ രണ്ടാമത്തെ പ്രസവവുമായി ബന്ധപ്പെട്ട് സിസേറിയനു വേണ്ടി ഭര്‍ത്താവെന്ന് യുവാവ് രേഖകളില്‍ സാക്ഷ്യപ്പെടുത്തിയെന്ന് യുവതിയെ പരിശോധിച്ച ഡോക്ടര്‍ മൊഴി നല്‍കി. 2000ല്‍ കുട്ടികള്‍ക്ക് ചെലവായി 500 രൂപ നല്‍കണമെന്നും എന്നാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാത്ത സ്ഥിതിക്ക് യുവതി നഷ്ടപരിഹാരത്തിന് അര്‍ഹയല്ലെന്നും ട്രയല്‍ കോര്‍ട്ട് ഉത്തരവിട്ടിരുന്നു.
ഒരു വീട്ടില്‍ ഭാര്യ ഭര്‍ത്താക്കന്മാരായി ജീവിച്ചതിനാലും രണ്ട് കുട്ടികള്‍ ഉള്ളതിനാലും യഥാര്‍ത്ഥ വിവാഹമായി കരുതാമെന്നാണ് ജഡ്ജി കര്‍ണന്‍ പറഞ്ഞത്. സിസേറിയന്‍ രേഖകളില്‍ യുവാവ് ഒപ്പ് വെച്ച സ്ഥിതിക്ക് ഇരുവരും തമ്മില്‍ വിവാഹബന്ധം ആണുള്ളതെന്നും അവിഹിത ബന്ധമെന്ന് ആരോപിക്കുന്ന ഒന്നും ഈ കേസില്‍ ഇല്ലെന്നും കോടതി പറഞ്ഞു.
21 വയസ്സ് പൂര്‍ത്തിയായ യുവാവിനും 18 വയസ് പൂര്‍ത്തിയായ യുവതിക്കും സ്വന്തം ഇഷ്ടപ്രകാരം പങ്കാളിയെ തെരഞ്ഞെടുക്കുന്നതിന് ഭരണഘടനാപ്രകാരം അനുമതിയുണ്ട്. ഉഭയകക്ഷി സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയാണെങ്കില്‍ അതിനുശേഷമുള്ള കാര്യങ്ങളുടെ ഉത്തരവാദിത്തം ദമ്പതികളെന്ന നിലയില്‍ ഇവര്‍ക്ക് തന്നെയായിരിക്കും. നിയമപ്രകാരം വിവാഹബന്ധത്തിന്റെ അടിത്തറയായി കാണാവുന്നത് പ്രായപൂര്‍ത്തിയായവര്‍ തമ്മിലുള്ള ലൈംഗിക ബന്ധമാണെന്നും സാധാരണ രീതിയില്‍ വിവാഹിതരായവരെ പോലെ ഇവര്‍ക്കും എല്ലാ നിയമപരിരക്ഷകള്‍ ഉണ്ടാകുമെന്നും കേസ് പരിഗണിച്ച ജഡ്ജി സി എസ് കര്‍ണന്‍ പറഞ്ഞു.