ലൈംഗിക പീഡനക്കേസ്: തേജ്‌പാല്‍ ഗോവ കോടതിയില്‍; ജാമ്യാപേക്ഷയില്‍ വാദം തുടരുന്നു
പനാജി|
WEBDUNIA|
PTI
PTI
ലൈംഗിക പീഡനക്കേസില്‍ തെഹല്‍ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്‌പാല്‍ ഗോവ സെഷന്‍സ് കോടതിയിലെത്തി. തേജ്പാലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം തുടരുകയാണ്. കുടുംബാംഗങ്ങളോടൊപ്പമാണ് തേജ്പാല്‍ കോടതിയിലെത്തിയിരിക്കുന്നത്. 14 ദിവസത്തേക്ക് തേജ്പാലിനെ കസ്റ്റഡിയില്‍ വേണമെന്ന് ഗോവാ പോലീസ് ആവശ്യപ്പെട്ടു.
നിലവില്‍ തേജ്പാല്‍ അന്വേഷത്തോട് സഹകരിക്കുന്നുണ്ടെന്നും ഇടക്കാല ജാമ്യം ദുരുപയോഗം ചെയ്തില്ലെന്നും അതുകൊണ്ട് തന്നെ ജാമ്യം അനുവദിക്കണമെന്നുമാണ് തേജ്പാലിന്റെ അഭിഭാഷക വാദിച്ചത്. പാസ്‌പോര്‍ട്ട് അധികൃതര്‍ക്ക് തിരിച്ചേല്‍പ്പിക്കാനും അന്വേഷണം തീരുന്നത് വരെ ഡല്‍ഹിയില്‍ തങ്ങാനും തയ്യാറാണെന്ന് തരുണ്‍ തേജ്പാല്‍ കോടതിയെ അറിയിച്ചു. അതേ സമയം തേജ്‌പാല്‍ ഓന്തിനെപ്പോലെയാണ് നിലപാടുകള്‍ മാറ്റുന്നതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. തരുണ്‍ തേജ്‌പാലും ഇരയായ പെണ്‍കുട്ടിയുടെ അച്ഛനും സുഹൃത്തുക്കളാണെന്നും ആ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. കൂടാതെ കഴിഞ്ഞ മൂന്നുദിവസമായി തേജ്‌പാല്‍ തന്ത്രപൂര്‍വം ഒഴിഞ്ഞുമാറുകയാണ്. ഭാര്യയ്ക്കുപോലും തേജ്പാലിന്റെ കാര്യങ്ങള്‍ അറിയില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു.
ഇന്ന് രാവിലെ തന്നെ തേജ്പാല്‍ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയെങ്കിലും ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ മടങ്ങുകയായിരുന്നു. ഇന്നലെ രാത്രി ഒന്നരമണിക്കൂറോളം തേജ്പാലിനെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. ഇന്നലെ ഗോവയിലെ ദംബോളിം വിമാനത്താവളത്തില്‍ തേജ്പാല്‍ എത്തിയപ്പോഴാണ് ശനിയാഴ്ച രാവിലെ 10.30 വരെ തേജ്പാലിനെ അറസ്റ്റ് ചെയ്യുന്നത് വിലക്കിയുള്ള വിധി വന്നത്. ഈ മാസം ആദ്യം ഗോവയില്‍ വെച്ച് സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് തേജ്പാല്‍ അന്വേഷണം നേരിടുന്നത്.