ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആലുവ മഞ്ഞപ്ര സ്വദേശിനിയായ യുവതിയുടെ പരാതിയെ തുടര്‍ന്ന് മുന്‍മന്ത്രി ജോസ് തെറ്റയില്‍ എം എല്‍ എയ്‌ക്കെതിരെ ആലുവ പൊലീസ് കേസെടുത്തു. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് കേസെടുത്തത്.
ജോസ് തെറ്റയില്‍ എം എല്‍ എയ്ക്കും മകന്‍ ആദര്‍ശിനും എതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. മകനെക്കൊണ്ട് തന്നെ വിവാഹം കഴിപ്പിക്കാമെന്ന് തെറ്റയില്‍ വാഗ്ദാനം ചെയ്തിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. അതിനുശേഷമാണ് ദീര്‍ഘകാലം പീഡിപ്പിച്ചതെന്നാണ് യുവതിയുടെ ആരോപണം. വീഡിയോ ദൃശ്യങ്ങളും യുവതി പരാതിക്കൊപ്പം പോലീസിന് കൈമാറിയിട്ടുണ്ട്.
എന്നാല്‍ തനിക്കെതിരായ പരാതി രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ജോസ് തെറ്റയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ആരോപണത്തെ നിയമപരമായി നേരിടുമെന്നും അദ്ദേഹം അറിയിച്ചു.