ലൈംഗിക പീഡനം: തരുണ്‍ തേജ്‌പാല്‍ അറസ്റ്റില്‍

പനാജി| WEBDUNIA|
PTI
PTI
സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ തെഹല്‍ക്ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്‌പാല്‍ അറസ്റ്റില്‍. മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളിയതോടെയാണ് തരുണ്‍ തേജ്‌പാലിനെ ഗോവ പോലീസ് അറസ്റ്റ് ചെയ്തത്. മാധ്യമപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന ആരോപണം രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണം പരിഗണിക്കാന്‍ വിസമ്മതിച്ചാണ് കോടതി തേജ്‌പാലിന്റെ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യം ലഭിച്ചാല്‍ ഗോവ വിട്ട് പോകില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നുമുള്ള ഉറപ്പും കോടതി അംഗീകരിച്ചില്ല. കസ്റ്റഡിയിലെടുത്ത തേജ്‌പാലിന് വസ്ത്രം മാറാനും പുറത്തുനിന്ന് ഭക്ഷണം കഴിക്കാനും കോടതി അനുമതി നല്‍കി. ഇതിനുശേഷം തേജ്‌പാലിനെ ലോക്കപ്പിലേക്ക് മാറ്റി.

കോടതി വിധി പ്രസ്താവിക്കുമ്പോള്‍ ഗോവ ഡോണ പോള ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്ന തേജ്‌പാലിനെ വിധി പകര്‍പ്പ് ലഭിച്ച ഉടന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയും കുടുംബാംഗങ്ങളും കോടതിയില്‍ എത്തിയിരുന്നെങ്കിലും വൈകിട്ടോടെ തേജ്പാല്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകുകയായിരുന്നു. രണ്ട് ദിവസത്തെ വാദം കേള്‍ക്കലിന് ശേഷം വിധി പറയാന്‍ മാറ്റിവെച്ച ജാമ്യാപേക്ഷയില്‍ മൂന്നു മണിക്കൂര്‍ വൈകിയാണ് കോടതി വിധി പ്രസ്താവിച്ചത്. അറസ്റ്റിലായ തേജ്പാലിനെ 24 മണിക്കൂറിനകം പോലീസ് മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കണം. കുറഞ്ഞത് പത്തുവര്‍ഷവും പരമാവധി ജീവപര്യന്തവും തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തേജ്പാലിനെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്.

ചോദ്യം ചെയ്യാനായി തേജ്പാലിനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്നാണ് പൊലീസിന്റെ ആവശ്യം. ബലാത്സംഗം നടന്നതിന്റെ തെളിവുകള്‍ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ടെന്നും പ്രസ്താവനകള്‍ നിരന്തരം മാറ്റുന്ന തേജ്‌പാല്‍ ഓന്തിനെപോലെ നിറം മാറുകയാണെന്നും പൊലീസ് കോടതിയെ അറിയിച്ചു. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് ജാമ്യാപേക്ഷ തള്ളിയ ശേഷം തേജ്പാലിന്റെ അഭിഭാഷക പറഞ്ഞു. ചോദ്യം ചെയ്യലിന്റെ ഇടവേളകളില്‍ അഭിഭാഷകനെ കാണാന്‍ അനുമതി നല്‍കണമെന്ന തേജ്‌പാലിന്റെ ആവശ്യം കോടതി അംഗീകരിച്ചിട്ടുണ്ട്.

തരുണ്‍ തേജ്പാല്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുക തന്നെയാണ് ചെയ്തതെന്ന് തെഹല്‍ക്കയില്‍നിന്ന് രാജിവച്ച മാധ്യമ പ്രവര്‍ത്തക വെള്ളിയാഴ്ച്ച പ്രസ്താവനയില്‍ ആവര്‍ത്തിച്ചിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ് ആരോപണം ഉന്നയിച്ചതെന്ന പ്രചാരണം തന്നെ വേദനിപ്പിച്ചുവെന്നും മാധ്യമ പ്രവര്‍ത്തക പ്രസ്താവനയില്‍ വ്യക്തമാക്കി. നവംബര്‍ 7,8 തിയതികളില്‍ ഗോവയില്‍ തെഹല്‍ക്ക സംഘടിപ്പിച്ച തിങ്ക് കോണ്‍ക്‌ളേവിനിടെ തരുണ്‍ തേജ്പാല്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയില്‍ പറയുന്നത്. പരിപാടി നടന്ന ഹോട്ടലിലെ ലിഫ്റ്റില്‍ വെച്ചായിരുന്നു സംഭവം.

പെണ്‍കുട്ടി പരാതി നല്‍കിയതിനെ തുടര്‍ന്ന് തരുണ്‍ തേജ്പാല്‍ തെഹല്‍കയില്‍നിന്ന് ആറുമാസത്തേക്ക് സ്ഥാനമൊഴിയുകയായിരുന്നു. ആരോപണവിധേയനായ തരുണ്‍ തേജ്പാലിനെ സംരക്ഷിക്കാനും പത്രപ്രവര്‍ത്തകയുടെ പരാതി മറച്ചുവെക്കാനും ശ്രമിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് തെഹല്‍ക മാനേജിംഗ് എഡിറ്റര്‍ സ്ഥാനം ഷോമ ചൗധരി രാജിവെച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :