ലാലു ജയിലില്‍ പൂന്തോട്ടം നിര്‍മിക്കുന്നു, കൃഷി ചെയ്യുന്നു; ദിവസവേതനം 14 രൂപ!

റാഞ്ചി| WEBDUNIA|
PTI
PTI
കോടികളുടെ കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട് ബിര്‍സ മുണ്ട സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് ഇപ്പോള്‍ ജയിലില്‍ പൂന്തോട്ടം നിര്‍മിക്കുന്നു, കൃഷി ചെയ്യുന്നു. പുല്‍ത്തകിടി, പൂന്തോട്ടം, പച്ചക്കറി തോട്ടം എന്നിവയുടെ നിര്‍മ്മാണമാണ് ലാലുവിന് ലഭിച്ചത്. ദിവസവേതനമാകട്ടെ 14 രൂപയും.

52 ഏക്കറോളം വരുന്ന തോട്ടമാണ് ലാലുവിനും കൂട്ടര്‍ക്കും ലഭിച്ചത്. മറ്റ് സഹപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയും മേല്‍നോട്ടം വഹിച്ചും ലാലു ജോലി ആസ്വദിക്കുകയാണ്. ആഴ്ചയില്‍ ഒരു ദിവസം അവധി ലഭിക്കും. അതേസമയം, പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദധാരിയും ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളിലും അഹമ്മദാബാദ് ഐഐഎമ്മിലും ക്ലാസ് എടുത്ത് പരിചയവുമുള്ള ലാലുവിനെ ജയിലില്‍ അധ്യാപകനായി നിയോഗിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ സുരക്ഷ കാരണങ്ങളാല്‍ ആ ജോലി നല്‍കേണ്ടെന്ന് ജയില്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

ഒരാഴ്ച മുന്‍പേ ജയില്‍ വാര്‍ഡന്‍മാര്‍ ലാലുവിനെ ജോലി ഏല്‍പ്പിച്ചുവെങ്കിലും കഴിഞ്ഞ ദിവസമാണ് ലാലു ജോലിയില്‍ പ്രവേശിച്ചത്. ഝാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ അനുകൂല വിധി പ്രതീക്ഷിച്ചിരുന്ന ലാലു വിധി എതിരായതോടെയാണ് ജോലി ഏറ്റെടുത്തത്. ലാലുവിനൊപ്പം ശിക്ഷിക്കപ്പെട്ട മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥരും ഒരു ഐആര്‍എസ് ഓഫീസറും അധ്യാപകരുടെ റോളാണ് സ്വീകരിച്ചത്.

എന്നാല്‍ ലാലുവിന് സുരക്ഷാ ഭീഷണിയുണ്ടെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജയിലിലെ 3000 ഓളം വരുന്ന തടവുകാരില്‍ 30% കൊടുംകുറ്റവാളികളും 10% മാവോയിസ്റ്റുകളുമാണ്. ജയിലില്‍ ദിവസേന നിരവധി പാര്‍ട്ടി പ്രവര്‍ത്തകരെ കാണാനും ലാലു ശ്രമിക്കുന്നുണ്ട്. ഇതും സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നുവെന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :