ലങ്കയിലെ കോമണ്‍വെല്‍ത്ത്‌ ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ല

ന്യൂഡല്‍ഹി| WEBDUNIA|
PTI
ശ്രീലങ്കയില്‍ അടുത്താഴ്ച നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത്‌ രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പങ്കെടുക്കില്ല. കൊളംബോയില്‍ നവംബര്‍ 15 മുതല്‍ 17 വരെയാണ്‌ ഉച്ചകോടി.

തമിഴ്‌നാട്ടില്‍ നിന്നുളള രാഷ്ട്രീയ പാര്‍ട്ടികളും, നേതാക്കളും ഒന്നടങ്കം ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനെ ശക്‌തമായി എതിര്‍ക്കുന്ന സാഹചര്യം കണക്കിലെടുത്താണ്‌ അദ്ദേഹം ഉച്ചകോടിയില്‍ നിന്നും വിട്ട് നില്‍ക്കുന്നത്.

ഇതിനായി ഇന്നലെ കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നെങ്കിലും തീരുമാനമാനം എടുക്കാന്‍ സാധിച്ചില്ല. കോര്‍ കമ്മിറ്റി അംഗങ്ങളായ പി.ചിദംബരവും എകെ ആന്റണിയും പ്രധാനമന്ത്രി യാത്ര ഉപേക്ഷിക്കണമെന്ന അഭിപ്രായക്കാരാണ്. ഒരു പ്രതിനിധിയെ അയച്ചാല്‍ മതിയെന്നും ചിദംബരം പറഞ്ഞു. കോണ്‍ഗ്രസ് ദേശീയ താത്‌പര്യത്തിനാണ് മുന്‍തൂക്കം നല്‍കുന്നതെന്നും ഉചിതമായ തീരുമാനം പ്രധാനമന്ത്രി കൈക്കൊള്ളുമെന്നും പാര്‍ട്ടി നേതാവ് രണ്‍ദീപ് സിംഗ് സുന്‍ജെവാല പറഞ്ഞിരുന്നു.

കൂടാതെ പ്രധാനമന്ത്രി പോകരുതെന്ന് ഡിഎംകെ അദ്ധ്യക്ഷന്‍ എം കരുണാനിധി ഇന്നലെയും ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. പ്രധാനമന്ത്രിക്ക് യുക്തിയുണ്ടെന്നും അദ്ദേഹം കാര്യങ്ങള്‍ നിശ്‌ചയിക്കട്ടെ എന്നും കരുണാനിധി വ്യക്തമാക്കിയിരുന്നു.

തമിഴ്‌നാട്ടിലെ ജനവികാരവും, രാഷ്ട്രീയ സാഹചര്യങ്ങളും ധനമന്ത്രി പി.ചിദംബരം കോര്‍ഗ്രൂപ്പില്‍ അറിയിച്ചു. ശക്‌തമായ ജനവികാരം അവഗണിച്ച്‌ പ്രധാനമന്ത്രി ശ്രീലങ്കയില്‍ പോകുന്നത്‌ രാഷ്ട്രീയമായി ഗുണകരമാകില്ലെന്നാണ്‌ ചിദംബരം അടക്കമുളള നേതാക്കളുടെ അഭിപ്രായം.

ഇന്നലെ രാവിലെ ചേര്‍ന്ന കോണ്‍ഗ്രസ്‌ കോര്‍ ഗ്രൂപ്പ്‌ യോഗം വിഷയം വിശദമായി ചര്‍ച്ച ചെയ്‌തെങ്കിലും, കൂടുതല്‍ കൂടിയാലോചനകള്‍ക്കു ശേഷം അന്തിമ തീരുമാനമെടുത്താല്‍ മതിയെന്ന ധാരണയിലെത്തുകയായിരുന്നു. എന്നാല്‍, ശ്രീലങ്കയുമായുളള ബന്ധം നിലനിര്‍ത്തേണ്ടത്‌ അനിവാര്യമാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാദം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :