റെയില്‍വെ ടിക്കറ്റില്‍ ഇനി അടുത്ത ബന്ധുക്കളില്‍ ആര്‍ക്കെങ്കിലും യാത്ര ചെയ്യാം

ന്യൂഡല്‍ഹി| WEBDUNIA|
PRO
സ്വന്തം പേരിലെടുത്ത റെയില്‍വെ ടിക്കറ്റില്‍ ഇനി അടുത്ത ബന്ധുക്കളില്‍ ആര്‍ക്കെങ്കിലും ചെയ്യാനുള്ള സംവിധാനം വരുന്നു. ബുക്ക് ചെയ്ത കണ്‍ഫേം ടിക്കറ്റിലാണ് ഒരു യാത്രക്കാരന് അയാള്‍ക്ക് പകരം അടുത്ത ബന്ധുവിന് യാത്രചെയ്യാന്‍ അവസരമൊരുങ്ങുക.

നിലവില്‍ സീറ്റോ ബര്‍ത്തോ റിസര്‍വ് ചെയ്താല്‍ ആരുടെ പേരിലാണോ ടിക്കറ്റ് അയാള്‍ക്ക് മാത്രമാണ് യാത്ര അനുവദിച്ചിട്ടുള്ളത്. ഇതില്‍ ഇളവുകള്‍ വരുത്താന്‍ റെയില്‍വെ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. മുന്‍കൂട്ടി അപേക്ഷ നല്‍കി പകരം മറ്റൊരാള്‍ക്ക് അതേ ടിക്കറ്റില്‍ യാത്ര അനുവദിക്കുന്ന സംവിധാനത്തെക്കുറിച്ച് വൈകാതെ പ്രഖ്യാപനമുണ്ടാകും.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഔദ്യോഗിക ആവശ്യത്തിനുള്ള യാത്രയാണെങ്കില്‍ ട്രെയിന്‍ പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് രേഖാമൂലം അപേക്ഷ നല്‍കിയാല്‍ പകരം മറ്റൊരാള്‍ക്ക് യാത്ര അനുവദിക്കും. അംഗീകൃത സ്ഥാപനങ്ങളിലെ വിദ്യാര്‍ഥിയാണെങ്കില്‍ സ്ഥാപനത്തിന്റെ മേധാവിയില്‍ നിന്നുള്ള കത്ത് സഹിതം ട്രെയിന്‍ പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പ് അപേക്ഷിച്ചാല്‍ ടിക്കറ്റ് മറ്റൊരു വിദ്യാര്‍ഥിയിലേക്ക് മാറ്റാം.

മറ്റ് യാത്രക്കാര്‍ക്ക് 24 മണിക്കൂര്‍ മുമ്പ് അപേക്ഷ നല്‍കിയാല്‍ പകരം മറ്റൊരു കുടുംബാംഗത്തിന് യാത്രചെയ്യാം. അതായത് ബന്ധുക്കളായ അച്ഛന്‍, അമ്മ, സഹോദരന്‍, സഹോദരി, മകന്‍, മകള്‍, ഭര്‍ത്താവ്, ഭാര്യ ഇവരില്‍ ആര്‍ക്കെങ്കിലും പകരം യാത്രയ്ക്ക് അവസരം കിട്ടും. എന്‍സിസി കേഡറ്റുകള്‍ക്കും ഒരാള്‍ക്ക് പകരം മറ്റൊരുടെ യാത്രയ്ക്ക് ഇപ്രകാരം അനുമതി ലഭിക്കും. സംഘത്തലവനായ ഓഫീസറുടെ അപേക്ഷ 24 മണിക്കൂര്‍ മുമ്പ് നല്‍കിയാല്‍ മതിയാകും.

വിവാഹസംഘത്തിലുള്ളവര്‍ക്കും ഒരാള്‍ക്ക് പകരം മറ്റൊരാള്‍ക്ക് യാത്ര അനുവദിക്കും. ഇതിനും 48 മണിക്കൂര്‍ മുമ്പ് അപേക്ഷ നല്‍കണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :