ഒമര്‍ അബ്‌ദുള്ള സര്‍ക്കാരിനെതിരേയുള്ള പ്രതിഷേധ സൂചകമായി കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ റാലി ഗ്രാമത്തലവന്‍ തടഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പരിപാടികളുടെ ഭാഗമായി ജമ്മുവില്‍ നടന്ന റാലി പരീക്ഷിത് സിംഗ് എന്ന ഗ്രാമത്തലവനാണ് തടഞ്ഞത്.
റാലി തടഞ്ഞ ഇയാള്‍ ഒമര്‍ അബ്‌ദുള്ള സര്‍ക്കാരിനെതിരെ രാഹുലിനോട് അനേകം പരാതികള്‍ പറഞ്ഞു. മറ്റ് സര്‍പഞ്ചുകളുടേയും പിന്തുണയോടെയായിരുന്നു പരിക്ഷിതിന്റെ നടപടി. ഒമാര്‍ സര്‍ക്കാര്‍ പഞ്ചായത്തു പ്രതിനിധികളെ അംഗീകരിക്കുന്നില്ല. ഭീകരാക്രമണങ്ങളില്‍ നിന്നും ഗ്രാമമുഖ്യന്‍മാര്‍ക്ക് സുരക്ഷ നല്‍കുന്നില്ല തുടങ്ങിയ പരാതികള്‍ പറഞ്ഞ ഗ്രാമമുഖ്യന്‍മാരുടെ സംഘം മുദ്രാവാക്യം മുഴക്കുകയും ഒമര്‍ സര്‍ക്കാരിന് നല്‍കിവരുന്ന പിന്തുണ പിന്‍വലിക്കാന്‍ രാഹുലിനോട് ആവശ്യപ്പെടുകയും ചെയ്‌തു.
സംസ്‌ഥാനത്തെ പല എംഎല്‍എ മാര്‍ക്കും ഒമര്‍ സര്‍ക്കാര്‍ സുരക്ഷ നല്‍കുമ്പോള്‍ തങ്ങള്‍ക്ക് അത് നല്‍കുന്നില്ല. ഗ്രാമമുഖ്യന്‍മാരും ഗ്രാമീണരുമായി 30,000 പേരെ അഭിസംബോധന ചെയ്‌ത് പഞ്ചായത്തിന്റെ ശാക്‌തീകരണത്തെ കുറിച്ച് രാഹുല്‍ സംസാരിക്കുമ്പോഴായിരുന്നു സംഭവം.
ഭക്ഷ്യസുരക്ഷാ പദ്ധതി, ഭൂമി ഏറ്റെടുക്കല്‍ ബില്‍, ഗ്രാമങ്ങളിലെ ശാക്‌തീകരണം തുടങ്ങിയ നേട്ടങ്ങള്‍ യുപിഎയിലൂടെ മാത്രമേ സാധ്യമാകു എന്ന് രാഹുല്‍ വ്യക്‌തമാക്കി. സ്‌ഥലത്ത് ഉണ്ടായിരുന്ന ചില അണികള്‍ പരീക്ഷിതിന്റെ വായ മൂടുകയും അദ്ദേഹത്തെ അവിടെ നിന്നും വലിച്ചു മാറ്റാന്‍ ശ്രമിച്ചെങ്കിലും അയാളെ സംസാരിക്കാന്‍ അനുവദിക്കാന്‍ രാഹുല്‍ നിര്‍ദേശിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് പ്രസംഗം മതിയാക്കി രാഹുല്‍ മടങ്ങി.