രാഹുല്‍ഗാന്ധി തെരഞ്ഞെടുപ്പിന് മുമ്പ് കഴിവ് തെളിയിക്കണം; ശരദ് പവാര്‍

ന്യൂഡല്‍ഹി| WEBDUNIA|
PTI
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി തെരഞ്ഞെടുപ്പിന് മുമ്പ് തന്റെ കഴിവ് തെളിയിക്കണമെന്ന് എന്‍സിപി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ശരദ്പവാര്‍.

ഭാരിച്ച ഉത്തരവാദിത്വമേല്‍ക്കുംമുമ്പ് ഭരണതലത്തില്‍ ഒരാള്‍ കഴിവുതെളിയിക്കണം. രാഹുല്‍ മന്‍മോഹന്‍മന്ത്രിസഭയില്‍ ചേരേണ്ടിയിരുന്നു. എന്നാലതുണ്ടായില്ലയെന്ന് പവാര്‍ പറഞ്ഞു. രാഹുലിനു കീഴില്‍ ജോലിചെയ്യാന്‍ ബുദ്ധിമുട്ടാണെന്നും തങ്ങള്‍ക്കിടയില്‍ തലമുറകളുടെ അന്തരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രിസ്ഥാനാര്‍ഥിയാകാന്‍ ശ്രമം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പവാര്‍ നിഷേധിച്ചു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ല. എന്നാല്‍ കോണ്‍ഗ്രസ്സിന് എല്ലാ പിന്തുണയുമുണ്ടാകുമെന്ന് പവാര്‍ അറിയിച്ചു.

തെരഞ്ഞെടുപ്പുഫലം അനുകൂലമല്ലെങ്കില്‍പ്പോലും സഖ്യത്തില്‍നിന്ന് പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുലിന്റെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിത്വത്തെക്കുറിച്ചുള്ള ചോദ്യത്തില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. തെരഞ്ഞെടുപ്പു ഫലത്തെക്കുറിച്ചുള്ള പ്രവചനവും പവാര്‍ നടത്തി.

ബിജെപി കൂടുതല്‍ സീറ്റുകള്‍ നേടും. കോണ്‍ഗ്രസ്സിന് ചില സീറ്റുകള്‍ നഷ്ടമാകും. എന്നാല്‍ ഇരുപാര്‍ട്ടികള്‍ക്കും ഭൂരിപക്ഷം നേടാനാവില്ലയെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തിലാണ് യു.പി.എയിലെ പ്രധാന സഖ്യകക്ഷിയുടെ നേതാവ് ഇക്കാര്യം പറഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :