ന്യൂഡല്‍ഹി|
PRATHAPA CHANDRAN|
Last Modified ശനി, 31 ജനുവരി 2009 (15:29 IST)
തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗത്വം രാജിവയ്ക്കില്ല എന്ന് നവീന്‍ ചവ്‌ള ശനിയാഴ്ച വ്യക്തമാക്കി. ചവ്‌ളയെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശുപാര്‍ശയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കമ്മീഷന്‍ കൂട്ടായി പ്രവര്‍ത്തിക്കുമെന്നും താന്‍ രാജിവയ്ക്കില്ല എന്നുമാണ് ചവ്‌ള പ്രതികരിച്ചത്.
പക്ഷപാതപരമായ സമീപനങ്ങള്‍ കാരണം ചവ്‌ളയെ നീക്കണമെന്ന ശുപാര്‍ശ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്‍ ഗോപാലസ്വാമി രാഷ്ട്രപതി പ്രതിഭാ പാട്ടീലിന് അയച്ചിരുന്നു. പാട്ടീല്‍ ഇത് പ്രധാനമന്ത്രിക്ക് അയച്ചിട്ടുണ്ട്.
ഇതിനിടെ, ഗോപാലസ്വാമിയുടെ സ്വമേധയായുള്ള ശുപാര്‍ശയെ ഭരണഘടനാ വിദഗ്ധര്‍ വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത്തരം നടപടികള്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നും പ്രത്യേക ലക്‍ഷ്യങ്ങള്‍ക്ക് വേണ്ടിയുള്ള നടപടിയാണിതെന്ന് പൊതുജനങ്ങള്‍ ധരിക്കുമെന്നും വിമര്‍ശനമുണ്ട്.
ചവ്‌ള കോണ്‍ഗ്രസ് പക്ഷപാതിയാണെന്ന് കാണിച്ച് ബിജെപി സര്‍ക്കാര്‍ അന്നത്തെ രാഷ്ട്രപതി അബ്ദുള്‍ ജെ കലാമിന് പരാതി നല്‍കിയിരുന്നു. ഈ വിഷയത്തില്‍ പാര്‍ട്ടി സുപ്രീംകോടതിയെയും സമീപിച്ചിരുന്നു.