തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ സമ്പത്ത് ശേഖരം കാത്തുസൂക്ഷിച്ച രാജകുടുംബാംഗങ്ങള്‍ ഉയര്‍ന്ന ധാര്‍മിക മൂല്യമുള്ളവരാണെന്ന് മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അദ്വാനി പറഞ്ഞു. ജനചേതനായാത്രയുടെ പര്യടനം തിരുവനന്തപുരത്ത് എത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ധിക്കുന്ന അഴിമതി രാജ്യത്തിന് നാണക്കേടുണ്ടാക്കിയിരിക്കുകയാണെന്ന് അദ്വാനി അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് അഴിമതിയില്‍ മുങ്ങിക്കഴിഞ്ഞു. കോണ്‍ഗ്രസുകാരായ കേന്ദ്രമന്ത്രിമാര്‍ അഴിമതിയിലുള്ള പങ്ക് സി ബി ഐ അന്വേഷിക്കണം. ഘടകകക്ഷി മന്ത്രിമാരെ മാത്രം പ്രതികളാക്കി കോണ്‍ഗ്രസ് രക്ഷപ്പെടാന്‍ ശ്രമിക്കണ്ട.
ജമ്മു കശ്മീരില്‍ സൈന്യത്തിന്റെ പ്രത്യേക അധികാരം പിന്‍വലിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സാമ്പത്തിക വിദഗ്ധനായ പ്രധാനമന്ത്രിയാണ് ഇന്ത്യ ഭരിക്കുന്നത്. പക്ഷേ രാജ്യത്ത് വിലക്കയറ്റവും കര്‍ഷക ആത്മഹത്യയും വര്‍ധിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ തെരഞ്ഞെടുപ്പിനോട് അടുപ്പിച്ച് പ്രഖ്യാപിക്കുമെന്നും അദ്വാനി അറിയിച്ചു. മധുരയില്‍ രഥയാത്ര കടന്നുപോകുന്ന വഴിയില്‍ ബോംബ് വച്ചവരെ കണ്ടെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.