ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ശ്രീകോവിലിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനം. ക്ഷേത്രത്തിലെത്തുന്ന ഭക്തരെ കിഴക്കേനടവഴി മാത്രമേ ഇനി ശ്രീകോവിലിലേക്ക് കടത്തിവിടൂ. സുരക്ഷാജീവനക്കാര്‍, ക്ഷേത്രജീവനക്കാര്‍ എന്നിവര്‍ക്ക് മാത്രമാണ് തെക്കേ കവാടം വഴി ശ്രീകോവിലിലേക്ക് പ്രവേശിക്കാനാവുക. ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നവര്‍ ഒറ്റക്കല്‍ മണ്ഡപത്തിലൂടെ വടക്കേ കവാടംവഴി നാലമ്പലത്തിലേക്ക് ഇറങ്ങണം എന്നാണ് തീരുമാനം.
അതേസമയം നിലവറകളുടെ 300 മീറ്റര്‍ ചുറ്റളവില്‍ അത്യാധുനിക സുരക്ഷാ സംവിധാനം ഒരുക്കാനും തീരുമാനമായി. അതിനൂതന സെന്‍സര്‍ സംവിധാനത്തോടെയുള്ള സുരക്ഷയാണ് ഏര്‍പ്പെടുത്തുന്നത്. ഇരുപത്തിനാല് മണിക്കൂറും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിവുള്ള ക്യാമറകള്‍, ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്ന എല്ലാ സാധനങ്ങളും പൊതി അഴിക്കാതെ കാണാന്‍ കഴിയുന്ന സ്കാനറുകള്‍, ബയോമെട്രിക് സെന്‍സറുകള്‍, ലേസര്‍ സെന്‍സറുകള്‍, സിസിടിവി, മൊബൈയില്‍ ജാമറുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. എല്ലാ കവാടങ്ങളിലും മെറ്റല്‍ ഡിറ്റക്ടറുകളും സ്ഥാപിക്കും.
റോഡിലും കോട്ടയ്ക്കു ചുറ്റുമായും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും. സൈനികര്‍ ഉപയോഗിക്കുന്ന കവചിത സായുധ ജീപ്പുകള്‍, ബൈക്കുകള്‍, എം16 ഓട്ടോമാറ്റിക് റൈഫിളുകള്‍ എന്നിവയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുക. ഉപകരണങ്ങള്‍ വാങ്ങുന്നതിനായി പത്ത് കോടി രൂപയുടെ പദ്ധതി റിപ്പോര്‍ട്ടാണ് പൊലീസ് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്.