സമ്പത്ത് ശേഖരം: സുരക്ഷ കടലാസില്‍ ഒതുങ്ങുന്നു

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നൂറ്റാണ്ടുകളായി ഒളിഞ്ഞുകിടന്ന സമ്പത്ത് ശേഖരത്തെക്കുറിച്ച് പുറം ലോകം അറിഞ്ഞിട്ട് മാസം ഒന്നു കഴിഞ്ഞു. സമ്പത്തിന്റെ മൂല്യം എത്രയാണെന്ന് കൃത്യമായി കണക്കാനിരിക്കുന്നതേയുള്ളൂ. എങ്കിലും മനക്കണക്കുകള്‍ പ്രകാരം നോക്കുമ്പോള്‍ തന്നെ ഇവയുടെ മൂല്യം കോടികള്‍ കവിയുമെന്നുറപ്പാണ്.

ക്ഷേത്രത്തിന്റെ പ്രശസ്തിയോളം തന്നെ വര്‍ദ്ധിച്ചിരിക്കുകയാണ് സുരക്ഷാ ഭീഷണിയും. ഇവിടം ആക്രമിക്കുമെന്ന് ഭീഷണികള്‍ ഉയര്‍ന്നു കഴിഞ്ഞു. സുരക്ഷാ ഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണവിഭാഗവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ക്ഷേത്രസുരക്ഷ കൂട്ടുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ മാത്രം ഇപ്പോഴും കടലാസില്‍ ഒതുങ്ങി നില്‍ക്കുകയാണ്. അതിനൂതന സുരക്ഷാസംവിധാനങ്ങളാണ് ഒരുക്കുന്നതെന്ന് സര്‍ക്കാര്‍ പെരുമ്പറ കൊട്ടി അറിയിക്കാന്‍ തുടങ്ങിയിട്ട് നാളുകുറച്ചായെങ്കിലും ഇവയൊന്നും പ്രാവര്‍ത്തികമായിട്ടില്ല.

ക്ഷേത്രത്തിന്റെ സ്ഥാപിച്ചിരിക്കുന്ന മെറ്റര്‍ ഡിറ്റക്ടറുകള്‍ ഒന്നും തന്നെ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. കിഴക്കെ നടയിലും തെക്കെ നടയിലും മെറ്റല്‍ ഡിറ്റക്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെയാണ് ഭക്തജനങ്ങളെ അകത്തേക്ക് പ്രവേശിപ്പിക്കുന്നത്. എന്നാല്‍ നോക്കുകുത്തികളായ മെറ്റര്‍ ഡിറ്റക്ടറുകളിലൂടെ ആളുകളെ കയറ്റിവിടുന്നത് കൊണ്ട് അധികൃതര്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മാത്രം മനസ്സിലാകുന്നില്ല.

കമാന്റോകളും പൊലീസും കാവലിനുണ്ട്. എന്നാല്‍ നന്നായി പരിശീലനം നേടിയ അക്രമിക്ക് ഇവരുടെ കണ്ണ് വെട്ടിച്ച് അകത്ത് കടക്കാവുന്നതേയുള്ളൂ. ആസൂത്രിതമായ അക്രമണങ്ങളെ ചെറുക്കാന്‍ അതിനൂതന സുരക്ഷാസംവിധാനങ്ങളിലൂടെ മാത്രമേ സാധിക്കുകയുള്ളൂ എന്ന് രാജ്യത്തിന്റെ പലഭാഗങ്ങളിലും നടന്ന ആക്രമണപരമ്പരകള്‍ നമ്മെ പഠിപ്പിച്ചതാണ്.

ക്ഷേത്ര സുരക്ഷയെക്കുറിച്ച് സുപ്രീംകോടതിയും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ബോംബാക്രമണം നടത്തിയാല്‍ പോലും തകര്‍ക്കാന്‍ സാധിക്കാത്ത സുരക്ഷ ക്ഷേത്രത്തില്‍ ഒരുക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. ത്രിതല സുരക്ഷയാണ് ഒരുക്കാന്‍ പോകുന്നതെന്ന് സര്‍ക്കാര്‍ അന്ന് മറുപടി നല്‍കി. എന്നാല്‍ ഇതുവരെ ഒന്നും നടപ്പിലായില്ലെന്ന് മാത്രം.

നമ്മുടെ സംസ്കാരത്തിന്റെ പ്രതീകമാണ് ക്ഷേത്രവും സമ്പത്ത് ശേഖരവും. ലോക പ്രശസ്ത തീര്‍ഥാടനകേന്ദ്രമായി മാറിയ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷ ശക്തമാക്കാന്‍ ഇനിയും വൈകിയാല്‍ അതിന് കനത്ത വില നല്‍കേണ്ടിവരുമെന്ന് ഉറപ്പാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :