രജനിക്ക് കുഴപ്പമൊന്നുമില്ലെന്ന് മോഡി

ചെന്നൈ| WEBDUNIA|
PRO
PRO
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ഉടന്‍ സുഖം പ്രാപിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി. രാജനീകാന്തിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്ന് മോഡി പറഞ്ഞു. ശ്രീ രാമചന്ദ്ര മെഡിക്കല്‍ കോളേജില്‍ രജനിയെ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായായിരുന്നു മോഡി.

എഐ‌എഡി‌എംകെ നേതാവ് ജയലളിതയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ചെന്നൈയിലെത്തിയ മോഡി ടി ഡി പി നേതാവ് ചന്ദ്രബാബു നായിഡുവിനോടൊപ്പമാണ് രജനിയെ സന്ദര്‍ശിച്ചത്. രജനിയുടെ ആരോഗ്യനില ഗുരുതരമാണെന്ന വാര്‍ത്തകള്‍ പരക്കുന്നതിനിടെയാണ് ഇവര്‍ ആശുപത്രിയിലെത്തിയത്.

അതേസമയം രജനിയെ വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചിട്ടുണ്ട്. രജനിയെ പറ്റി വ്യാജവാര്‍ത്തകളും എസ്‌എം‌എസുകളും പ്രചരിക്കുന്നതിനാല്‍ രാമചന്ദ്ര മെഡിക്കല്‍ കോളേജിലേക്ക് ആയിരക്കണക്കിന് ആരാധകര്‍ വരുന്നതിനാലാണ് രജനിയെ അമേരിക്കയിലേക്ക് കൊണ്ടുപോകുന്നത് എന്നാണ് ബന്ധുക്കള്‍ പറയുന്നത്.

‘റാണ’യുടെ ഷൂട്ടിംഗ് തുടങ്ങിയ ഏപ്രില്‍ 29-നാണ് രജനിയെ ആദ്യമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൈലാപ്പൂരിലെ ഇസബെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രജനി പിന്നീട് വീട്ടില്‍ തിരിച്ചെത്തുകയും ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചത് അനുസരിച്ച് വിശ്രമിക്കുകയും ചെയ്തു. എന്നാല്‍ മെയ് നാലാം തീയതി വീണ്ടും രജനിയെ ഇസബെല്ലില്‍ പ്രവേശിപ്പിക്കേണ്ടിവന്നു. ഒരാഴ്ചക്കാലം ആശുപത്രിയിലായിരുന്ന രജനി വീട്ടിലേക്ക് മടങ്ങിയെങ്കിലും പതിമൂന്നാം തീയതി വീണ്ടും രോഗം മൂര്‍ച്ഛിച്ചു. തുടര്‍ന്നാണ് രാമചന്ദ്ര മെഡിക്കല്‍ കോളേജില്‍ രജനിയെ പ്രവേശിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :